ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു
1584693
Monday, August 18, 2025 11:49 PM IST
അടിമാലി: ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. സംസ്ഥാനത്താകെ ഒന്‍പത് ഡാമുകളിലായിരുന്നു ഞായറാഴ്ച വൈകിട്ടോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍ നാല് അണക്കെട്ടുകള്‍ ഇടുക്കിയിലാണ്. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പുയരാന്‍ ഇടയാക്കിയിട്ടുള്ളത്. വ്യഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ ഇടുക്കി അണക്കെട്ടിലേക്കടക്കം ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു. നിലവില്‍ കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പുഴകളിലും അരുവികളിലും ശക്തമായ വെള്ളമൊഴുക്കാണ്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നാല്‍ കൂടുതല്‍ അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയിലേക്കെത്തും.
രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടതാണ് കേരളത്തിലെ മഴ ശക്തമാക്കിയത്. ഇതുമൂലം കൊങ്കണ്‍ മുതല്‍ വടക്കന്‍ കേരളതീരംവരെ അറബിക്കടലില്‍ ന്യുനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.