ഈ മെഡി.കോളജ് കാട്ടിലാണ്!
1584989
Tuesday, August 19, 2025 11:35 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി പരിസരം കാടു കയറിയിട്ടും നടപടിയെടുക്കാതെ അധികൃതർ. ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം. പേടിയോടെയാണ് ആശുപത്രി പരിസരത്തെ പല ഭാഗങ്ങളിലേക്കും ആളുകൾ സഞ്ചരിക്കുന്നത്.
നോക്കി നടന്നാൽ കൊള്ളാം
നിർമാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെയും പഴയ ബ്ലോക്കിന്റെയും പരിസരം കാടുകയറി. വിദ്യാർഥികളുടെ അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, പ്രിൻസിപ്പൽ ഓഫീസ്,
മറ്റ് അനുബന്ധ ഓഫീസുകൾ എന്നിവയുടെ പരിസരങ്ങളിലും കാടും പടലും വളർന്നുകയറി.
വെള്ളാപ്പാറ ഫോറസ്റ്റ് ഡിവിഷനോടു ചേർന്നു കിടക്കുന്ന ഇവിടെ വന്യജീവികളുടെയും ഇഴജന്തുക്കളുടെയും സാന്നിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു. പ്രതിദിനം നൂറു കണക്കിനു പേർ എത്തുന്ന ആശുപത്രിയുടെ പരിസരം വൃത്തിയാക്കിയിടാൻ അധികൃതർ ശ്രദ്ധവയ്ക്കുന്നില്ല.
താമസസ്ഥലത്തും ശല്യം
കൂട്ടിരിപ്പുകാരൊക്കെ രാത്രികാലങ്ങളിൽ ഭക്ഷണത്തിനും മരുന്നിനുമൊക്കെയായി പുറത്തിറങ്ങുമ്പോൾ ഇഴജന്തുക്കളെ പേടിച്ചാണ് നടക്കുന്നത്. പഴയ ബ്ലോക്കിൽനിന്നു പുതിയ ബ്ലോക്കിലേക്കു നടന്നു പോകുമ്പോഴും ഇതേ സ്ഥിതിയാണ്. ആശുപത്രിക്കും ജീവനക്കാരുടെയും വിദ്യാർഥികളുടെയും താമസസ്ഥലത്തും ഇഴജന്തുക്കളെ കാണുന്നത് പതിവായിട്ടുണ്ട്.
കാട്ടുപന്നികൾ, മ്ലാവ്, കേഴ തുടങ്ങിയവയെയും ആശുപത്രി പരിസരത്തു കാണാം. അട്ടശല്യമാണ് മറ്റൊരു ദുരിതം.
റോഡിൽനിന്നു നോക്കിയാൽ മെഡിക്കൽ കോളജ് ആശുപത്രി കാണാൻ പോലും സാധിക്കാത്ത വിധമാണ് കാടും വള്ളിപ്പടർപ്പുകളും വളർന്നുനിൽക്കുന്നത്.
കാടു നിറഞ്ഞതോടെ തെരുവുനായ ശല്യവും പെരുകി. ആശുപത്രി വികസന സമിതിയും അധികൃതരും ആശുപത്രിയുടെ പരിസരം വൃത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.