കനത്ത മഴയിലും മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക്
1584450
Sunday, August 17, 2025 11:31 PM IST
മൂന്നാര്‍: കനത്ത മഴയിലും മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക്. സ്വാതന്ത്ര്യദിനം വെള്ളിയാഴ്ച വന്നതും തുടര്‍ന്നുള്ള ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളായതുമാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. പ്രതികൂല കാലാവസ്ഥയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തണുത്തുകിടന്ന മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ഈ അവധിദിനങ്ങള്‍ക്കായി.
മഴയെ അവഗണിച്ച് പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ സന്ദര്‍ശിച്ചത്. മൂന്നാറിലെ ഏറ്റവും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ ഏഴായിരത്തോളം പേരാണ് സന്ദര്‍ശനത്തിനായി എത്തിയത്. രാജമലയില്‍ 2500ലധികം പേരാണ് എത്തിയത്. മറ്റു വിനോദകേന്ദ്രങ്ങളായ കൊരണ്ടക്കാട് ഫോട്ടോ പോയിന്റ്, കുണ്ടള, എക്കോ പോയിന്റ്, പോതമേട് എന്നിവിടങ്ങളിലും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ചെറുതും വലുതുമായ ഹോട്ടല്‍മുറികളെല്ലാം ബുക്കിംഗ് ആയതോടെ നിരവധി പേര്‍ക്ക് മുറികള്‍ കിട്ടാതെയും വന്നു.
മഴയെത്തുടര്‍ന്ന് വാഹനങ്ങളില്ത്തന്നെയിരുന്ന് സ്ഥലങ്ങള്‍ ക ണ്ടുമടങ്ങിയവരും കുറവല്ല. റൂമുകള്‍ ബുക്ക് ചെയ്യാതെ ഒറ്റ ദിവസം കൊണ്ടു കണ്ടുമടങ്ങാമെന്ന ആഗ്രഹത്തില്‍ സ്വന്തം വാഹനത്തില്‍ എത്തിയ വിനോദസഞ്ചാരികളും കൂടി ആയതോടെ മൂന്നാര്‍ സഞ്ചാരികളാല്‍ നിറഞ്ഞു. തിരക്കു വര്‍ധിച്ചതോടെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ അനുഭവപ്പെട്ടത് സഞ്ചാരികളെ വലയ്ക്കുന്ന സാഹചര്യമുണ്ടായി. മണിക്കൂറുകളോളമാണ് സഞ്ചാരികള്‍ കുരുക്കില്പ്പെട്ടുകിടന്നത്. മാട്ടുപ്പെട്ടി ഡാം, മൂന്നാര്‍ ടൗണിലെ ആര്‍ഒ ജംഗ്ഷന്, പോസ്റ്റ്ഓഫീസ് ജംഗ്ഷന് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് പ്രദേശവാസികളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല.
തേക്കടിയില്‍ ബോട്ടുകള്‍ക്ക്
സുരക്ഷാവീഴ്ച: പിഴ ചുമത്തി
കുമളി: തേക്കടി തടാകത്തില്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പോര്‍ട്ട് അധികൃതരുടെ മിന്നല്‍ പരിശോധന.
സുരക്ഷാ സംവിധാനങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത ബോട്ടുകള്‍ക്ക് പിഴ ചുമത്തി. ചില ബോട്ടു കളില്‍ മതിയായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ബോട്ടുകളില്‍നിന്നു പുറത്തുകടക്കാന്‍ ബുദ്ധിമുട്ടാണെന്നും പരിശോധനയില്‍ കണ്ടെത്തി . പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ കിരണ്‍, സര്‍വേയര്‍ ജോഫില്‍ എന്നിവരാണ് പരിശോധന നടത്തിയത്.
വനം വകുപ്പിന്റെയും കെടിഡിസിയുടെയും ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച ബോട്ടുകള്‍ക്ക് പിഴ ചുമത്തിയതായും ഓണത്തോടനുബന്ധിച്ച് ഇനിയും ഇത്തരത്തില്‍ പരിശോധനകള്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസ്, ഇറിഗേഷന്‍ വകുപ്പുകളുടെയും തമിഴ്നാടിന്റെയും ബോട്ടുകള്‍ തടാകത്തിലോടുന്നുണ്ട്. ഇവയുടെ സുരക്ഷാ പരിശോധന സംബന്ധിച്ച് തീരുമാനമില്ല.