സ്ത്രീകളും കുട്ടികളുമായി സൗഹൃദം പങ്കിട്ട് പോലീസ്
1584987
Tuesday, August 19, 2025 11:35 PM IST
തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ തൊടുപുഴ പോലീസ് സ്റ്റേഷന്റെയും വനിതാ ഹെൽപ്പ് ലൈനിന്റെയും ഇടുക്കി വനിതാ സെല്ലിന്റെയും ആഭിമുഖ്യത്തിൽ സന്ദർശനം നടത്തി.
പഞ്ചായത്തിലെ ആൽപ്പാറ നഗർ, പുതുപ്പരിയാരം ഹരിജൻ നഗർ, ആൽപ്പാറ അങ്കണവാടി, തൊടുപുഴ കോ-ഓപറേറ്റീവ് കോളജ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. തൊടുപുഴ പോലീസ് സ്റ്റേഷൻ പിആർഒ വി.എ. ബിജു, ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയാ മധുസൂദനൻ, തൊടുപുഴ വനിതാ ഹെൽപ്പ് ലൈനിലെ സിവിൽ പോലീസ് ഓഫീസർമാരായ താഹിറ, രജിത എന്നിവർ പ്രദേശവാസികളോടും കുട്ടികളോടും സംവദിച്ചു.
പോലീസിൽ നിയമസഹായം തേടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, അവരുടെ പരാതികൾ ഭയമോ തടസമോ കൂടാതെ അവർക്ക് നേരിട്ടറിയിക്കാനുള്ള സാഹചര്യമൊരുക്കുക, പരാതികൾ ഉന്നത അധികാരികളിലേക്ക് എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി വീട്ടിലോ ജോലി സ്ഥലങ്ങളിലോ പൊതുസ്ഥലത്തോ ഉണ്ടാകുന്ന അതിക്രമങ്ങളെ ചെറുക്കുകയും സംരക്ഷണം നൽകുകയും ചെയ്യുക തുടങ്ങിയ സേവനങ്ങൾ വനിതാ സെല്ലിന്റെയും വനിതാ ഹെൽപ്പ് ലൈനുകളുടെയും നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്നുണ്ട്.