വിദ്യാർഥിക്ക് പോലീസ് മർദനം ; കേസ് മനുഷ്യാവകാശ കമ്മീഷൻ വീണ്ടും പരിഗണിക്കും
1584982
Tuesday, August 19, 2025 11:34 PM IST
തൊടുപുഴ: രോഗിയായ വിദ്യാർഥിയെ കട്ടപ്പന എസ്ഐയും പോലീസുകാരും ചേർന്നു മർദിച്ചെന്ന കേസ് ഒക്ടോബർ 22ന് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും. ഇന്നലെ തൊടുപുഴ റസ്റ്റ് ഹൗസിൽ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിംഗിൽ ആരോപണ വിധേയരായ പോലീസുകാർ ഹാജരാകാൻ സമയം നീട്ടിച്ചോദിച്ച സാഹചര്യത്തിലാണ് നടപടി.
ആസിഫിനോട് പോലീസ് കാണിച്ച ക്രൂരതയുടെ യഥാർഥ വസ്തുതകൾ കമ്മീഷനിൽനിന്നു മറച്ചുവയ്ക്കാൻ ജില്ലാ പോലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും ശ്രമിച്ചത് ഗൗരവമായി കാണുമെന്ന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് മുന്പ് നിരീക്ഷണം നടത്തിയ കേസാണിത്. 2024 ഏപ്രിൽ 25ന് കൂട്ടാർ സ്വദേശിയായ ആസിഫിനെ മർദിച്ച കട്ടപ്പന എസ്ഐയെയും സിപിഒയെയും സസ്പെൻഡ് ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി 2024 മേയ് മൂന്നിന് എറണാകുളം ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്ഐക്കും സിപിഒക്കുമെതിരേ ഗുരുതര കൃത്യവിലോപവും വീഴ്ചയും കണ്ടെത്തിയിരുന്നു. ഇവർ വ്യാജ കേസുണ്ടാക്കിയെന്നും വിദ്യാർഥിയെ മർദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഇതേ ഉദ്യോഗസ്ഥൻ 2024 ജൂലൈ രണ്ടിന് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ ഇത്തരം വിവരങ്ങളെല്ലാം ഒഴിവാക്കി. പ്രധാനപ്പെട്ട വിവരങ്ങൾ കമ്മീഷനിൽനിന്നു മറച്ചുവച്ചതിന്റെ കാരണം ഡിപിസിയും ഡിവൈഎസ്പിയും വിശദീകരിക്കണമെന്ന് കമ്മീഷൻ അന്ന് ആവശ്യപ്പെട്ടിരുന്നു.
കട്ടപ്പന ഡിവൈഎസ്പി ജൂണ് 18ന് ഇടുക്കി ഡിപിസിക്ക് നൽകിയ റിപ്പോർട്ടിൽ ആസിഫിന്റെ മൊഴി എടുക്കാത്ത സാഹചര്യത്തിൽ ഇരയുടെ മൊഴി അഭിഭാഷകന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നു.
അഭിഭാഷകനെ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി നിർദേശിക്കണം. ഡിസ്ട്രിക്ട് പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് ആസിഫിന്റെ മൊഴി അഭിഭാഷകന്റെ സാന്നിധ്യത്തിൽ കട്ടപ്പന ഡിവൈഎസ്പി രേഖപ്പെടുത്തണം. മൊഴിയുടെ എല്ലാ പേജിലും ഇരയും അഭിഭാഷകനും ഒപ്പിടണം. ആസിഫിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇതിനൊപ്പം ഡിവൈഎസ്പി കമ്മീഷനിൽ ഹാജരാക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനുള്ള കാരണവും ഡിപിസി കമ്മീഷനെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് ഹാജരാക്കിയില്ല.
ആസിഫിന്റെ ബൈക്ക് കൂട്ടുകാരൻ ഓടിക്കുന്നതിനിടെ കട്ടപ്പന എസ്ഐ കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടുകിട്ടാൻ ആസിഫ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു. ഇതാണ് എസ്ഐക്ക് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് ആസിഫ് കമ്മീഷനെ അറിയിച്ചു.
ഏപ്രിൽ 25ന് വാഹന പരിശോധനയ്ക്കിടയിൽ എസ്ഐ ആസിഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മർദിച്ചതായി ആസിഫിന്റെ ബന്ധു കൂട്ടാർ സ്വദേശി സക്കീർ ഹുസൈൻ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എസ്ഐ എൻ.ജെ. സുനേഘ്, എആർ സിപിഒ മനു പി. ജോസ് എന്നിവർക്കെതിരേയാണ് കേസ്.