വഴിവിളക്ക് മിഴിയടച്ചു; ദുരിതം ജനത്തിനും
1584976
Tuesday, August 19, 2025 11:34 PM IST
അറക്കുളം: അലാനി കോളനിയിലേക്കുള്ള റോഡിലെ വഴിവിളക്കുകൾ മിഴിയടച്ചതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. റോഡും കുണ്ടും കുഴിയുമായ സ്ഥിതിയിലാണ്. നാലുവർഷം മുന്പുവരെ ഈ റോഡിൽ വഴിവിളക്കുകൾ പ്രകാശിച്ചിരുന്നു. പഞ്ചായത്തിൽ പരാതി പറഞ്ഞാൽ വൈദ്യുതി ബോർഡാണ് ഇതു സ്ഥാപിക്കേണ്ടതെന്നു പഞ്ചായത്തധികൃതർ പറയും. വൈദ്യുതി ബോർഡിൽ പരാതിപ്പെട്ടാൽ പഞ്ചായത്തധികൃതരാണ് അറ്റകുറ്റപ്പണി നടത്തേണ്ടതെന്നു പറഞ്ഞ് അവർ തലയൂരും.
പഞ്ചായത്ത് പ്രദേശത്തെ മറ്റുസ്ഥലങ്ങളിലും വൈദ്യുതി വിളക്കുകൾ തെളിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചുരുക്കം വൈദ്യുതി വിളക്കുകൾ മാത്രമാണ് പ്രകാശിക്കുന്നത്. മൂലമറ്റം കോളജിലെ വിദ്യാർഥികൾ രാവിലെയുംവൈകുന്നേരവും ഹോസ്റ്റലിലേക്കും മറ്റും നടന്നുപോകുന്നത് വഴിവിളക്കില്ലാത്ത റോഡിലൂടെയാണ്.
ആലാനിക്കൽ തോട്ടത്തിലൂടെ ഏതാനും ദിവസം മുന്പ് നടന്നുപോയ വിദ്യാർഥിനികളെ അജ്ഞാതർ ഭീഷണിപ്പെടുത്തിയതായി ആക്ഷേപമുണ്ട്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ അനുദിനം സഞ്ചരിക്കുന്ന ആലാനിക്കൽ കോളനി റോഡിലും പഞ്ചായത്തിന്റെ വിവിധ വാർഡുകളിലും സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.