കാർ സ്കൂട്ടറിന് പിന്നിലിടിച്ചു; അമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ചുവീണു പരിക്കേറ്റു
1584694
Monday, August 18, 2025 11:49 PM IST
കുമളി: അമിത വേഗത്തിലെത്തിയ കാർ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നിലിടിച്ച് സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ചുവീണു. ഇന്നലെ വൈകുന്നേരം നാലരയോടെ കുമളി കൊളുത്ത് പാലത്തിന് സമീപമാണ് അപകടം.
കുമളി ആറാംമൈൽ കുത്തുകല്ലുങ്കൽ അജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലാണ് വണ്ടിപ്പെരിയാർ സ്വദേശികളുടെ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ അജിത്തിന്റെ ഭാര്യ ശാലിനിയും മകൻ ആരോമലും റോഡിലേക്ക് തെറിച്ചുവീണു .ശാലിനി സ്കൂട്ടറിന് സമീപത്ത് വീണു. കുട്ടി മൂന്നു മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. സ്കൂട്ടറിൽ ഇടിച്ചതോടെ കാർ സഡൻ ബ്രേക്ക് ചെയ്തു. റോഡിലേക്ക് തെറിച്ചുവീണവരെ ഓടിക്കൂടിയ നാട്ടുകാർ കുമളി സർക്കാർ ആശുപത്രിയിലാക്കി ചികിത്സ നൽകി. ഇരുവർക്കും നേരിയ പരിക്കുകൾ മാത്രമാണുള്ളത്.