നാടെങ്ങും ദേശസ്നേഹത്തിന്റെ ഉണര്‍ത്തുപാട്ട്
1584323
Sunday, August 17, 2025 6:32 AM IST
തൊടുപുഴ: രാജ്യത്തിന്റെ 79-ാമതു സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായ ചടങ്ങുകളോടെ നാടെങ്ങും ആഘോഷിച്ചു. ജില്ലാ ഭരണകൂടം, വിവിധ സംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍, മര്‍ച്ചന്റ്സ് അസോസിയേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന റാലി, ക്വിസ് മത്സരം, ദേശഭക്തിഗാനമത്സരം എന്നിവയും ഇതോടനുബന്ധിച്ചു നടത്തി.
തൊടുപുഴ: മര്‍ച്ചന്റ്സ് യൂത്ത് വിംഗ്, മര്‍ച്ചന്റ്സ് അസോസിയേഷന്, നഗരസഭ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സ്വാതന്ത്ര്യദിന സാംസ്കാരിക റാലി സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറില്‍ നിന്ന് ആരംഭിച്ച റാലി നഗരസഭാ ചെയര്മാന് കെ. ദീപക് ഫ്ളാഗ് ഓഫ് ചെയ്തു.
15-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1500-ഓളം കുട്ടികള്‍ പങ്കെടുത്ത റാലിയും നടത്തി. സമാപന സമ്മേളനം നഗരസഭാ ചെയര്മാന് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എ. സലിംകുട്ടി, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ടി.സി. രാജു, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണി, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദേശീയതലത്തില്‍ അംഗീകാരം നേടിയ ഇരുപതോളം കുട്ടികള്‍ക്കുള്ള മെമന്റോയും ചടങ്ങില്‍ വിതരണം ചെയ്തു. റാലിയില്‍ ന്യൂമാന്‍ കോളജ് ഒന്നാംസ്ഥാനം നേടി.
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാജു തരണിയില്‍ പതാക ഉയര്‍ത്തി. ടി.എന്‍. പ്രസന്നകുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി. നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. ചാക്കോ, മുന്‍ പ്രസിഡന്റുമാരായ കെ.കെ. നാവൂര്കണി, ജയിംസ് ചെട്ടിപ്പറമ്പില്‍, ജോസ് വഴുതനപ്പള്ളില്‍, ആര്. രമേശ് എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ: കേരള സ്റ്റേറ്റ് ആര്‍ട്സ് ആൻഡ് കള്‍ച്ചറല്‍ ഫെഡറേഷന് നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാചരണവും കലാ പ്രതിഭാസംഗമവും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത് കുര്യാച്ചന് ഉദ്ഘടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മോഹനന് പനങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുലോചന ആര്‍എല്‍വി, സംസ്ഥാന ട്രഷറര്‍ ദിപു ജോസഫ്, വൈസ് പ്രസിഡന്റ് എന്‍.വി. വിനു എന്നിവര്‍ പ്രസംഗിച്ചു.
ഈ വര്‍ഷത്തെ കലാഭവന്‍ മണി സ്മാരക യുവപ്രതിഭാ പുരസ്കാരം നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും മിമിക്രി കലാകാരനുമായ ബേസില്‍ ബെന്നിക്ക് ചടങ്ങില്‍ സ്വീകരണം നല്കി. സംഘടനയുടെ ഈ വര്‍ഷത്തെ കലാപ്രതിഭാ പുരസ്കാരം പിന്നണി ഗായിക അന്‍സാ തെരേസ മാത്യുവിന് സമ്മാനിച്ചു. റിയാലിറ്റി ഷോ, സ്റ്റേജ് ഷോ താരങ്ങള്‍ അണിനിരന്ന കലാവിരുന്നും അരങ്ങേറി.
തൊടുപുഴ: ഈസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയഗാന മത്സരം നടത്തി. ന്യൂമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നചടങ്ങില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. സാംസണ് തോമസ് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സാബു എ. മാത്യു അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു സമ്മാനദാനം നിര്‍വഹിച്ചു. ന്യൂമാന്‍ കോളജ് ബര്‍സാര്‍ ഫാ. ബെന്‍സണ്‍ ആന്റണി, റീജണല്‍ ചെയര്മാന് സൈജന് സ്റ്റീഫന്‍, സോണ്‍ ചെയര്മാന് സി.സി. അനില്‍കുമാര്‍, ലയണ്‍സ് ചാര്‍ട്ടര്‍ പ്രസിഡന്റ് നോബി സുദര്ശന്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.വി. ഷാജു, സെക്രട്ടറി ടെന്‍സിംഗ് പോള്‍, ഏലിയാസ് പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പത്തു ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും മുതലക്കോടം ഹോളിഫാമിലി നഴ്സിംഗ് സ്കൂള്‍ രണ്ടാം സ്ഥാനവും സരസ്വതി സെന്‍ട്രല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
കരിമണ്ണൂര്‍: മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരഭവന് അങ്കണത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസിഡന്റ് വി.ജെ. ചെറിയാന് പതാക ഉയര്‍ത്തി. സെക്രട്ടറി കെ.എം. മത്തച്ചന് സ്വാതന്ത്ര്യദിന സന്ദേശം നല്കി. തുടര്‍ന്ന് മധുരപലഹാര വിതരണവും നടത്തി.