പ്രസിഡന്റിന്റെ കസേരയില്‍ വാഴവച്ച സംഭവം പ്രതിഷേധാര്‍ഹമെന്നു യുഡിഎഫ്
1584451
Sunday, August 17, 2025 11:31 PM IST
കുമാരമംഗലം: നാട്ടില്‍ തെരുവുനായ ആക്രമണം ഉണ്ടായതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കസേരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഴവച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരണസമിതിയുടെ വികസന നേട്ടങ്ങളും പഞ്ചായത്തില്‍ ഉണ്ടായിരിക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന്റെ ഉറക്കംകെടുത്തുകയാണ്. പഞ്ചായത്തിനെതിരേ യാതൊരു വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ഇത്തരം സമരം നടത്തുന്നത്. എല്‍ഡിഎഫ് ഭരണത്തിലൂടെ കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്ക് നശിപ്പിച്ച ഇവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കുറ്റപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, യുഡിഎഫ് മണ്ഡലം ചെയര്മാന് സുലൈമാന്‍ വെട്ടിക്കല്‍, കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മാത്യു, സെക്രട്ടറി കെ.വി. ജോസ്, ജോസുകുട്ടി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എട്ടുപേര്‍ക്കെതിരേ കേസെടുത്തു
സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. സിപിഎം ലോക്കല്‍ സെക്രട്ടറി ബിജു ഒഴുകയില്‍, മുന്‍ ലോക്കല്‍ സെക്രട്ടറി മനോജ് കുന്നേല്‍, പ്രവര്‍ത്തകരായ ഷെമീര്‍ നെല്ലിക്കുന്നേല്‍, തന്‍വീര്‍ കളപ്പുരയില്‍, അല്‍ത്താഫ് കളപ്പുരയില്‍, ഹാരിസ് കൈനിക്കല്‍, ശരത്, ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.