മണ്ണിടിച്ചിൽ ഭീഷണിയിൽ മൂന്നാർ
1584696
Monday, August 18, 2025 11:49 PM IST
മൂന്നാർ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മൂന്നാർ ടൗണിനു സമീപം മണ്ണിടിഞ്ഞു. ദിവസങ്ങൾക്കു മുന്പ് ആർഒ ജംഗ്ഷനു സമീപം മണ്ണിടിഞ്ഞ് അപകടമുണ്ടായതിന് സമീപംതന്നെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ ഈ ഭാഗത്തുണ്ടായിരുന്ന വഴിയോര കടകൾക്ക് നാശം സംഭവിച്ചു. കടകൾ അടഞ്ഞുകിടന്നിരുന്നതിനാൽ മറ്റപകടങ്ങൾ ഉണ്ടായില്ല.
പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഇവിടെയുള്ള വഴിയോര കച്ചവടക്കാരും ഭീഷണിയിലാണ്. സഞ്ചാരികൾ വഴിയോരങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലം കൂടിയാണ് ഇവിടം. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.
ദേവികുളം സബ് കളക്ടർ വി.എം. ആര്യ സ്ഥലം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. ഈ ഭാഗത്ത് വളർന്നു നിൽക്കുന്ന മരങ്ങൾ അപകടാവസ്ഥ ഉയർത്തുന്നതായുള്ള പരാതി കുറെക്കാലങ്ങളായി നിലനിൽക്കുന്നതാണ്. ഇതിനൊപ്പമാണിപ്പോൾ രണ്ടു തവണ മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയിൽ അപകടങ്ങൾ പതിവുള്ള ലോക്കാട് ഗ്യാപ്പിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ഇതുവഴിയായുള്ള രാത്രികാല ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചവരെയുള്ള 24 മണിക്കൂറിൽ 88.60 മില്ലീ മീറ്റർ മഴയാണ് മൂന്നാറിൽ പെയ്തത്. പരമാവധി സംഭരണശേഷിയോട് ജലനിരപ്പ് ഉയർന്നതോടെ മാട്ടുപ്പെട്ടി ഡാം തുറക്കാനുള്ള സാധ്യതയുമുണ്ട്.