വണ്ടിപ്പെരിയാർ മൗണ്ടിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി
1584688
Monday, August 18, 2025 11:49 PM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മൗണ്ടിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ഇന്നലെ രാവിലെയായിരുന്നു റോഡിനു സമീപം ഒറ്റയാൻ ഇറങ്ങിയത്.
ഒട്ടനവധി വിനോദസഞ്ചാര വാഹനങ്ങളും എസ്റ്റേറ്റ് മേഖലയിൽ പണിക്കായി പോകുന്ന തൊഴിലാളികളും കാൽനടയാത്രക്കാരും ഉള്ള പ്രദേശത്താണ് കാട്ടാന ഇറങ്ങിയത്.
കഴിഞ്ഞദിവസം പുലർച്ചെ പ്രദേശവാസിയായ അരുൾ ജ്യോതിയുടെ സ്കൂട്ടർ കാട്ടാന തകർത്തു. അരുൾ ജ്യോതിയും കുടുംബവും ബഹളംവച്ചതിനെത്തുടർന്ന് ഒറ്റയാൻ ഈ ഭാഗത്തുനിന്ന് മാറിപ്പോയി. രണ്ടു മാസങ്ങൾക്കു മുമ്പ് കാപ്പിത്തോട്ടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന അന്തോണി എന്ന ആളെ ആന ആക്രമിച്ച സംഭവവും ഉണ്ടായതാണ്. കഴിഞ്ഞദിവസം മൗണ്ട് എകെജിക്കു സമീപം കാട്ടാന കൃഷികൾ നശിപ്പിച്ചിരുന്നു.
വനപാലകർ സ്ഥലത്തെത്തി പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഒറ്റയാനെ കാട്ടിലേക്ക് തുരത്താൻ കഴിയുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഒറ്റയാനെ ഇവിടെനിന്ന് തുരത്താനുള്ള നടപടികൾ അടിയന്തരമായി ചെയ്യണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.