ക്ഷീരകര്‍ഷകര്‍ നാടിന്റെ നട്ടെല്ല്: മന്ത്രി റോഷി അഗസ്റ്റിന്
1584459
Sunday, August 17, 2025 11:31 PM IST
ഇടുക്കി: ക്ഷീരകര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നും ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ വലിയ മുന്നേറ്റം നടത്തിയെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. മണിയാറന്‍കുടി സെന്റ് മേരീസ് പള്ളി പാരിഷ്ഹാളില്‍ ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 3600ലധികം ക്ഷീരസംഘങ്ങളിലായി 2,75,000 കര്‍ഷകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരുടെ താത്പര്യം സംരക്ഷിച്ചു സാമ്പത്തികഭദ്രത ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകള്‍ തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ തുടങ്ങിയവയ്ക്ക് സബ്സിഡി നല്കി മേഖലയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രണ്ടു പതിറ്റാണ്ടായി പാലളക്കുന്ന മണിയാറന്‍കുടി ക്ഷീരസംഘത്തിലെ മുതിര്‍ന്ന കര്‍ഷകനായ 91കാരനായ തങ്കപ്പന് ഒഴാങ്കലിനെയും ക്ഷീരമേഖലയില്‍ ആവശ്യമായ ഫണ്ട് വകയിരുത്തിയ ത്രിതല പഞ്ചായത്തുകളായ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, വാഴത്തോപ്പ്, കാമാക്ഷി പഞ്ചായത്തുകളെയും ഏറ്റവും കൂടുതല്‍ പാല് അളന്ന കര്‍ഷകരായ സേവ്യര്‍ ചാക്കോ കൊച്ചുവീട്ടില്‍, രോഷ്നി ബാബു ചേറാനിയില്, മിനി സുകുമാരന്‍ മാവുളയില് എന്നിവരെയും ഓരോ ക്ഷീരസംഘങ്ങളിലും ഏറ്റവും കൂടുതല്‍ പാല് അളന്ന കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.
കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് കെ.ജി. സത്യന്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സി തോമസ്, സ്ഥിരംസമിതിയംഗങ്ങളായ സിജി ചാക്കോ, ഏലിയാമ്മ ജോയി, സോണി ചൊള്ളാമഠം എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കന്നുകാലി പ്രദര്‍ശനമത്സരത്തില്‍ ബേബി പുത്തന്‍പുരയ്ക്കല്‍ ഒന്നാം സമ്മാനം നേടി. കേരളബാങ്ക് പ്രതിനിധി കെ.ബി. ശ്രീജ ക്ലാസ് നയിച്ചു.