മുഖ്യമന്ത്രി രാജിവയ്ക്കണം: പി.സി. വിഷ്ണുനാഥ്
1584687
Monday, August 18, 2025 11:49 PM IST
തൊടുപുഴ: എഡിജിപി എം.ആർ. അജിത്കുമാറിന്റെ പ്രവർത്തനങ്ങൾക്കു പിന്നിൽ അദൃശ്യശക്തികളുടെ സ്വാധീനം ഉണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
തൊടുപുഴയിൽ യുഡിഎഫ് പഞ്ചായത്തുതല ഭാരവാഹികളുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ശില്പശാലയിൽ പഞ്ചായത്ത്, മുനിസിപ്പൽ കണ്‍വൻഷനുകൾ നടത്തുന്നതിനും ആശാസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എല്ലാ പഞ്ചായത്തുകളിലും പൊതുയോഗങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ്, ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, എസ്. അശോകൻ, ഇ.എം. ആഗസ്തി, എ.കെ. മണി, കെ.എം.എ. ഷുക്കൂർ, അപു ജോണ്‍ ജോസഫ്, സേനാപതി വേണു, ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ. പൗലോസ്, തോമസ് രാജൻ, എം.എൻ. ഗോപി എന്നിവർ പ്രസംഗിച്ചു.