നായശല്യം അതിരൂക്ഷമായിട്ടും എബിസി സെന്റർ മെല്ലെ മെല്ലെ...
1584700
Monday, August 18, 2025 11:49 PM IST
തൊടുപുഴ: ജില്ലയിൽ തെരുവു നായ്ക്കളുടെയും ഇവയുടെ കടിയേൽക്കുന്നവരുടെയും എണ്ണം കുത്തനെ കൂടുന്പോഴും എബിസി സെന്റർ നിർമാണം ഇഴയുന്നു. നായ്ക്കളുടെ വന്ധ്യംകരണംകൂടി നിലച്ചതോടെ തെരുവനായ്ക്കളുടെ എണ്ണവും പെരുകുകയാണ്. വംശവർധന നിയന്ത്രിക്കാനായി സ്ഥാപിക്കുന്ന എബിസി സെന്ററിന്റെ നിർമാണം ജില്ലാ പഞ്ചായത്ത് തുടങ്ങിയിട്ട് നാളു കുറെയായെങ്കിലും ഇതുവരെ അടിത്തറ പോലും പൂർത്തിയായിട്ടില്ല.
നായ പെരുകുന്നു
2019ൽ നടന്ന സെൻസസ് പ്രകാരം ജില്ലയിൽ 7,375 തെരുവു നായ്കളെ കണ്ടെത്തിയെന്നാണ് കണക്ക്. വളർത്തു നായ്ക്കൾ 55,354. ഈ വർഷം കണക്കെടുപ്പ് നടന്നെങ്കിലും എണ്ണം പുറത്തുവിട്ടിട്ടില്ല. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും പശു സഖിമാരുമാണ് സെൻസസിൽ പങ്കെടുത്തത്. 2019നേക്കാൾ നായകളുടെ സാന്നിധ്യം എല്ലായിടത്തും പെരുകിയെന്നാണ് നാട്ടുകാർ പറയുന്നത്.
2022ൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നായ്ക്കളുടെ അനിമൽ ബർത്ത് കണ്ട്രോൾ പ്രകാരം വന്ധ്യംകരണം നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇത് എബിസി സെന്റർ ഒരുക്കണം. എന്നാൽ, ഇടുക്കിയിൽ മാത്രം എബിസി സെന്റർ നടപ്പായില്ല. ആദ്യം രണ്ട് ബ്ലോക്കുകൾക്കായി ഒരു എബിസി സെന്റർ തുടങ്ങാൻ ലക്ഷ്യമിട്ടെങ്കിലും പ്രാദേശിക എതിർപ്പു മൂലം നടപ്പായില്ല. പിന്നീടാണ് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗിച്ച് ജില്ലാ ആസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എബിസി സെന്റർ നിർമിക്കാൻ തീരുമാനിച്ചത്. മൂന്നര കോടിയാണ് വിനിയോഗിക്കുന്നത്.
കടിയേറ്റത് 4,200 പേർക്ക്
ഈ വർഷം 4200 -ഓളം പേർക്ക് ജില്ലയിൽ നായ്ക്കളുടെ കടിയേറ്റു. ഒരു മാസം ശരാശരി അറൂനൂറോളം പേർക്ക്. കുട്ടികളും വയോധികരുമാണ് പ്രധാന ഇരകൾ. കഴിഞ്ഞ ദിവസം ജില്ലാ അതിർത്തിയായ കലൂരിൽ മൂന്നു പേർക്ക് കടിയേറ്റു. കുമാരമംഗലം പഞ്ചായത്തിൽ നായ്ക്കളും പശുക്കളും ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെയും നായ്ക്കൾ ആക്രമിച്ചു.
നായ്ക്കളെ കണ്ട് ഭയന്നോടുന്ന കുട്ടികളെ കൂട്ടത്തോടെ പിന്നാലെയെത്തിയാണ് ആക്രമിക്കുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നായ്ക്കളുടെ കടിയേറ്റാൽ നൽകുന്ന ആന്റി റാബിസ് വാക്സിൻ ലഭ്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വ്യക്തമാക്കി. എല്ലാ ഗവ.ആശുപത്രികളിലും പേ വിഷബാധയ്ക്കെതിരെയുള്ള മരുന്നും ആന്റിവെനവും ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്.