റോഡിനായി കേരള കോൺഗ്രസ് ധർണ
1584458
Sunday, August 17, 2025 11:31 PM IST
നെടുങ്കണ്ടം: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന നെടുങ്കണ്ടം-കട്ടക്കാല റോഡ് നിര്‍മാണം വൈകിക്കുന്ന കരാറുകാരന്റെ അനാസ്ഥയ്ക്കെതിരേ കേരള കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
അര നൂറ്റാണ്ടിലധികം പഴക്കമുള്ള നെടുങ്കണ്ടം-കട്ടക്കാല റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. നാലര കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ അഞ്ഞൂറോളം കുഴികളാണുള്ളത്. ഇതുമൂലം ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വിളിച്ചാല്‍ എത്താത്ത അവസ്ഥയാണ്. മഴപെയ്താല്‍ കാല്‍നടയാത്രപോലും പറ്റാത്ത സ്ഥിതിയാണുള്ളത്. റോഡ് നവീകരണത്തിന് അഞ്ചരക്കോടി രൂപ അനുവദിച്ച് 2023ല്‍ നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍, 11 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട റോഡില്‍ ഏതാനും ഭാഗത്ത് മണ്ണുജോലികള് ചെയ്തതല്ലാതെ രണ്ടു വര്‍ഷമായി തുടര്‍നടപടികള്‍ ഉണ്ടായില്ല.
സ്കൂള്‍ ബസുകളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളും ചാറല്‍മേട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികളും ഉള്‍പ്പെടെ നിരവധി ആളുകളുമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. മൈനര്‍സിറ്റി, ഉമ്മാക്കട, ചിന്നപ്പച്ചടി, ചാറല്‍മേട്, കട്ടക്കാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഏക മാര്‍ഗവും ഇതാണ്.
പ്രതിഷേധ ധര്‍ണ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് പൊട്ടംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി നമ്പുടാകത്ത് അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോയി കണിയാംപറമ്പില്‍, ഫിലിപ്പ് കലയത്തുംകുഴിയില്, വര്‍ഗീസ് നെടുംപതാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.