വണ്ണപ്പുറത്ത് മോഷണം; നടപടിയില്ലെന്ന് യുഡിഎഫ്
1584979
Tuesday, August 19, 2025 11:34 PM IST
വണ്ണപ്പുറം: പഞ്ചായത്തിൽ മോഷണ പരന്പര തുടർന്നിട്ടും പോലീസ് നിഷ്ക്രിയമാണെന്ന് യുഡിഎഫ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ആറു മാസമായി വണ്ണപ്പുറത്തിന്റ വിവിധ ഭാഗങ്ങളിൽ മോഷണം വ്യാപകമാണ്.
മുപ്പത്താറേക്കർ കണ്ടത്തിൽ റാഫേലിന്റ വീട്ടിൽനിന്നു മുക്കാൽ പവൻ സ്വർണം മോഷ്ടിച്ചായിരുന്നു തുടക്കം. പിന്നീട് ടൗണിന് സമീപത്തെ തുറയിൽ നൗഷാദിന്റെ വീട്ടിൽനിന്നു 11 ലക്ഷത്തിന്റെ സ്വർണവും വജ്രവും മോഷണം പോയി.
ചങ്ങഴിമറ്റം കരീമിന്റ വീട്ടിൽനിന്ന് ഒന്നര പവന്റെ മാലയും എട്ടുതയ്യിൽ സോമന്റ വീട്ടിൽനിന്ന് ഒരു പവന്റെ പാദസരവും പുള്ളിക്കുടിയിൽ സൈനുദ്ദീന്റ വീട്ടിൽനിന്നു 3,000 രൂപയും എഴുപതേക്കർ ഇടക്കരചന്ദ്രന്റ വീട്ടിൽനിന്നു വീട്ടുപകരണങ്ങൾ, വണ്ണപ്പുറത്തെ രണ്ട് ക്ഷേത്രങ്ങളിൽനിന്നു പണം, വെണ്മറ്റം കോഴിക്കവലയിൽ കളപ്പുരയ്ക്കൽ ലിസിയുടെ രണ്ടുപവൻ മാല, മുപ്പത്താറേക്കർ പേണ്ടാനത്ത് ലൂസിയുടെ മൂന്നു പവന്റെ മാല, തൊമ്മൻകുത്ത് ചിരപ്പറന്പിൽ അനിതയുടെ പാദസരം എന്നിവയാണ് മോഷണം പോയത്.
ഇനിയും നടപടിയാകാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾആരംഭിക്കുമെന്നും യുഡിഎഫ് ചെയർമാൻ പി.എം. ഇല്ല്യാസ്, കണ്‍വീനർ ബേബി വട്ടക്കുന്നേൽ, സെക്രട്ടറി സണ്ണി കളപ്പുരയ്ക്കൽ എന്നിവർ പറഞ്ഞു.