നെടുങ്കണ്ടം ചേതന വിജ്ഞാന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
1584988
Tuesday, August 19, 2025 11:35 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം കേന്ദ്രമായി ചേതന വിജ്ഞാന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. "വിജ്ഞാനമാണ് ശക്തി’ എന്ന ആശയവുമായി പ്രഭാഷകനും എഴുത്തുകാരനും റിട്ടയേർഡ് കോളജ് അധ്യാപകനുമായ പ്രഫ. ഡോ. എം.ജെ. മാത്യുവിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വിജ്ഞാന കേന്ദ്രത്തിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ, നിരവധി പത്ര, മാസികകൾ, വാരികകൾ, മത്സര പരീക്ഷാർഥികൾക്കുള്ള പ്രസിദ്ധീകരണങ്ങൾ എന്നിവ അടങ്ങിയ സൗജന്യ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കരിയർ കൗണ്‍സലിംഗ് സെന്റർ, മാനവ വിഭവശേഷി പരിശീലന കേന്ദ്രം, യോഗാ ആന്‍ഡ് വെൽനെസ് സെന്റർ എന്നിവയും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്.
നെടുങ്കണ്ടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പൊതുപ്രവർത്തകരും അടക്കം പതിനഞ്ച് വിശിഷ്ടാതിഥികൾ തിരിതെളിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ഡയറക്ടർ പ്രഫ. ഡോ. എം.ജെ. മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല, സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് ഈട്ടിക്കൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, സംസ്ഥാന സഹകരണ ഫെഡറേഷൻ അംഗം ജോസ് പൊട്ടംപ്ലാക്കൽ, മിസിസ് ഇന്ത്യ ഗ്ലോബ് 2024 ജേതാവ് സോഫിയ ജയിംസ്, വിദ്യാഭ്യാസ സ്ഥാപന മേധാവികളായ പ്രഫ. ടി.എ. ഫാത്തിമ സുല്ലമി, സിസ്റ്റർ ജെസ്റ്റീന ജോസഫ്, പ്രഫ. ദീപ റോസ്, ഡോ. ജോണിക്കുട്ടി ജെ. ഒഴുകയിൽ, കെ.എസ്. ഷീജ, പ്രഫ. കെ.എം. മേരിക്കുട്ടി, സെലിൻ മൈക്കിൾ, ഷേർലി കെ. പോൾ, എൻ. രാധാമണി, ഏലിസബത്ത് ഡെന്നി തുടങ്ങിയവർ പ്രസംഗിച്ചു.