ജില്ലയില്‍നിന്നു പിന്‍വാങ്ങാതെ പെരുമഴ; മലയോരമേഖല ദുരിതത്തില്‍
1584449
Sunday, August 17, 2025 11:31 PM IST
തൊടുപുഴ: കാലവര്‍ഷം നീണ്ടു നില്ക്കുന്നതിനാല് മലയോരം ദുരിതക്കയത്തില്‍. മൂന്നു മാസത്തോളമായി ജില്ലയില്‍ ഇടതടവില്ലാതെ മഴ പെയ്തു നില്‍ക്കുകയാണ്.
കര്‍ക്കടകം കഴിഞ്ഞ് ചിങ്ങം എത്തിയിട്ടും മഴ ശമനമില്ലാതെ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കര്‍ഷകരെയും തൊഴിലാളികളെയും വ്യാപാരികളെയുമാണ് കനത്ത മഴയും കാറ്റും ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചിലപ്പോള്‍ മഴയ്ക്ക് ശക്തി കുറയുമെങ്കിലും വീണ്ടും പൂര്‍വാധികം ശക്തിയോടെയാണ് മഴയുടെ വരവ്. രണ്ടു ദിവസമായി ഹൈറേഞ്ചിലും ലോറേഞ്ചിലും കനത്ത മഴയാണ് പെയ്തത്. മുന്‍കാലങ്ങളിലെ പോലെ ഇത്തവണ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായില്ലായെന്നതാണ് വലിയ ആശ്വാസമായത്. എങ്കിലും വീടുകളുടെ നാശ നഷ്ടം ഉള്‍പ്പെടെയുള്ള കെടുതികള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ 46.52 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. ദേവികുളത്താണ് ശക്തമായ മഴ ലഭിച്ചത് - 62.4 മില്ലിമീറ്റര്‍. ഇടുക്കി - 46.4, പീരുമേട് - 59, തൊടുപുഴ - 37.6, ഉടുമ്പന്‍ചോല - 25.4 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ പെയ്ത് മഴയുടെ കണക്ക്. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും കോടമഞ്ഞും മലയോര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മഴ തുടരുന്നത് കാര്‍ഷിക, വ്യാപാര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏലം മേഖലയെ ഇപ്പോള്‍ത്തന്നെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ഏക്കറുകണക്കിന് ഏലച്ചെടികള്‍ അഴുകല്‍ രോഗം മൂലം നശിച്ചു. ഇത് വിളവിനെ കാര്യമായ തോതില്‍ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പല കര്‍ഷകര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
അഴുകല്‍ രോഗം പിടിപെട്ട ഏലശരങ്ങള്‍ മുറിച്ചുമാറ്റി കൃഷി സംരക്ഷിക്കണമെങ്കില്‍ വലിയ തോതില്‍ പണം മുടക്കേണ്ടി വരും. അതിനാല്‍ വേനലില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കിയ അതേ ഗണത്തില്‍ മഴ മൂലമുണ്ടായ കൃഷിനാശത്തിനും നഷ്ടം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനു പുറമേ വാഴ, മരച്ചീനി, പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷികള്‍ വെള്ളം കെട്ടി നിന്നും നശിച്ചിട്ടുണ്ട്. കാറ്റില്‍ മറിഞ്ഞുവീണും വാഴകള്‍ നഷ്ടപ്പെട്ടു. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത പല വിളകളാണ് ഇത്തരത്തില്‍ നശിച്ചത്.
മഴ നീണ്ടുനില്‍ക്കുന്നത് ഇത്തവണ ഓണവിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. മഴ മാറാതെ നില്ക്കുന്നതിനാല് തൊഴിലാളികള്‍ക്ക് പല ദിവസങ്ങളിലും ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കി. ഇതെല്ലാം വ്യാപാര മേഖലയ്ക്ക് പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍. വര്‍ഷത്തെ ഏറ്റവും വലിയ വ്യാപാരം നടക്കുന്ന സമയമാണ് ഓണക്കാലം. എന്നാല്‍ മഴ ഇത്തവണ ഓണക്കച്ചവടത്തിന്റെ പൊലിമ കുറയ്ക്കുമോയെന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെ ഏവരും ആശങ്കപ്പെ ടുന്നത്.