പുളിയനം സ്കൂളിൽ പ്രതിഭകളെ അനുമോദിച്ചു
1570969
Saturday, June 28, 2025 4:46 AM IST
നെടുമ്പാശേരി: പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും, പൂർവ വിദ്യാർഥിയും കേന്ദ്ര, സംസ്ഥാന പുരസ്കാര ജേതാവുമായ ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥൻ അനിൽ മോഹനെയും പൂർവ വിദ്യാർഥി സംഘടന ആദരിച്ചു.
ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനായ അനിൽ മോഹന് ഈ വർഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഫയർ സർവീസ് ഡിസ്ക് ആൻഡ് കമന്റേഷൻ സർട്ടിഫിക്കറ്റും സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിരുന്നു.
അങ്കമാലി പൊലീസ് സബ് ഇൻസ്പെക്ടർ ബിജുബേബി അനിൽ മോഹന് ഉപഹാരം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളേയും ജില്ലാ പഞ്ചായത്തംഗം ഷൈനി ജോർജ് മെമന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു.
പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് പി.എൻ. നന്ദകുമാർ അധ്യക്ഷനായി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.വി. അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാസജീവ്, വാർഡ് മെമ്പർ പി.ആർ. രാജേഷ്, പ്രിൻസിപ്പൽ എം.എം. റിയാമോൾ, ഹെഡ്മിസ്ട്രസ് പി. ഡി. ലീമ, പിടിഎ പ്രസിഡന്റ് ബിബിൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.