മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നു
1570973
Saturday, June 28, 2025 4:46 AM IST
മൂവാറ്റുപുഴ: നഗരത്തില്‍ മഴയുടെ ശക്തികുറയുകയും മലങ്കര ഡാമില്‍നിന്നുള്ള നീരെഴുക്കിന്റെ അളവ് കുറയ്ക്കുകയും ചെയ്തതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയും പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് മൂവാറ്റുപുഴയിലെ താഴന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
ഇന്നലെ രാവിലെ മുതല്‍ മഴയുടെ ശക്തികുറഞ്ഞതും, മലങ്കര ഡാമിലെ ആറ് ഷട്ടുകളില് നിന്നുള്ള വെള്ളത്തിന്റെ നീരെഴുക്ക് കുറച്ചതും മൂവാറ്റുപുഴയിലെ തീരവാസികള്‍ക്കും താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ആശ്വാസമായി.
മലങ്കര ഡാമിന്റെ ആറു ഷട്ടറുകളില്‍ നിന്ന് 50 സെന്റീ മീറ്റര്‍ വെള്ളം വീതമാണ് ഒഴുക്കുന്നത്. ഇതോടെയാണ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനിരപ്പില്‍ നിന്ന് മുന്നറിയിപ്പ് നിരക്കിലേക്ക് താഴ്ന്നത്. ഇലാഹിയ കോളനി, ആനിക്കകുടി കോളനി, കാളച്ചന്ത എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. നിലവില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകളിലായി 25 കുടുംബങ്ങളാണുള്ളത്.
വാളപ്പിള്ളി ജെബി സ്കൂളിലെ ക്യാമ്പില്‍ 17 കുടുംബങ്ങളും, കടാതി എന്‍എസ്എസ് കരയോഗം ക്യാമ്പില്‍ എട്ടു കുടുംബങ്ങളുമാണ് ഉള്ളത്. ഇന്നും മഴയിൽ കുറവാണെങ്കിൽ ഇവർ വീടുകളിലേക്ക് മടങ്ങും.