പിറവത്ത് ജലനിരപ്പ് ഉയരുന്നു
1570974
Saturday, June 28, 2025 4:46 AM IST
പിറവം: പിറവം പുഴയിൽ ജലനിരപ്പ് ഉയർന്നത് മേഖലയിൽ ആശങ്കപരത്തി. താഴ്ന്ന പ്രദേശങ്ങളിൽ നിരവധി ഭാഗങ്ങളിൽ കൃഷിയിടങ്ങൾ വെള്ളത്തിലാണ്. പാഴൂർ ആറ്റുതീരം പാർക്ക് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
പുഴയുടെ തീരത്തുള്ള കളമ്പൂർ മത്സ്യക്കോളനിയിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഈ രീതിയിൽ ജല നിരപ്പ് ഉയരുകയാണങ്കിൽ ഇന്ന് കോളനിയിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങും.
ഉഴവൂർ തോട് കരകവിഞ്ഞ് ഒഴുകുന്നതിനെത്തുടർന്ന് ഓണക്കൂർ, കക്കാട് മേഖലകളിൽ പച്ചക്കറി കൃഷികളെല്ലാം വെള്ളത്തിലായിരിക്കുകയാണ്. കർഷകർക്ക് വലിയ നാശമാണ് സംഭവിച്ചിരിക്കുന്നത്.
മരച്ചീനിയും, പാവലും, പടവലും തുടങ്ങിയ കൃഷിയെല്ലാം വെള്ളത്തിൽ മുങ്ങി. അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.