കാർ ഷോറൂമിലെ അപകടം മാനുഷിക പിഴവെന്ന് എംവിഡി
1571188
Sunday, June 29, 2025 4:02 AM IST
കൊച്ചി: ട്രെയ്ലറില് നിന്നു ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ജീവനക്കാരന് മരിച്ച സംഭവത്തില്‍ മാനുഷിക പിഴവ് മൂലമാണ് അപകടം ഉണ്ടായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). സംഭവത്തില്‍ പാലാരിവട്ടം പോലീസിന്റെ ആവശ്യപ്രകാരം അപകടത്തില്‍പ്പെട്ട റേഞ്ച് റോവര്‍ വോഗ് വാഹനം എംവിഡി പരിശോധിച്ചു. തുടർന്ന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്ത മാക്കിയത്.
വാഹനത്തിന് യന്ത്രത്തകരാറോ, സാങ്കതിക തകരാറോ ഇല്ല. ട്രെയ്ലറില് നിന്ന് വാഹനം ഇറക്കിയ ഡ്രൈവര്‍ക്ക് സംഭവിച്ച പിഴവാണ് അപകടത്തിലേക്ക് വഴിവച്ചതെന്നും ഇതില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ ജില്ലാ കാര്‍ ഡ്രൈവേഴ്സ് യൂണിയന് അംഗവും പാലാരിവട്ടം സ്വദേശിയുമായ ആന്ഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തേക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കന്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്വാര്‍ റേഞ്ചര്‍ റോവര്‍ കാറുകളുടെ വിതരണ കമ്പനിയിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണില്‍ 22ന് രാത്രി 11.30 നായിരുന്നു അപകടം.
വിതരണ കമ്പനിയിലെ ഷോറൂം ഡെമോ കോ-ഓര്‍ഡിനേറ്റര്‍ മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശി റോഷന് ആന്റണി സേവ്യറാണ് (36) അപകടത്തില്‍ മരിച്ചത്. ജില്ലാ കാര്‍ ഡ്രൈവേഴ്സ് യൂണിയന് അംഗമായ അനീഷിനും പരിക്കേറ്റിരുന്നു.