സാരിയുടെ നിറം മങ്ങി : സ്ഥാപനത്തിന് 36,500 രൂപ പിഴ
1571189
Sunday, June 29, 2025 4:02 AM IST
കൊച്ചി: സാരിയുടെ നിറം മങ്ങിയത് പരാതിപ്പെട്ടതില്‍ നടപടി സ്വീകരിക്കാതിരുന്ന സ്ഥാപനത്തിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി 36,500 രൂപ പിഴ ചുമത്തി. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസ് ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റു ബന്ധുക്കള്‍ക്കും 89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരന് വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിര്‍കക്ഷി വിശ്വസിപ്പിച്ചെന്ന് പരാതിക്കാരന് പറഞ്ഞു.
അതില്‍ 16,500 രൂപ വിലയുള്ള സാരിയുടെ നിറം ഉടുത്ത ആദ്യ ദിവസംതന്നെ നഷ്ടമായി. ഇ-മെയില്‍, വക്കീല്‍ നോട്ടീസ് മുഖാന്തരം സാരിയുടെ ന്യൂനത സ്ഥാപനത്തെ അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. സാരിയുടെ നിറം പോയി എന്ന പരാതി പരിഹരിച്ചില്ലെന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നല്‍കണം. ഇതിനുപുറമേ നഷ്ടപരിഹാരം, കോടതി ചെലവ് എന്നീ വകയില്‍ 20,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഉത്തരവ് നല്കി.