ചെല്ലാനം മത്സ്യഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
1571192
Sunday, June 29, 2025 4:02 AM IST
കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ചെല്ലാനം മത്സ്യഗ്രാമം പദ്ധതിക്ക് തുടക്കമായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ശ്രമങ്ങളുടെ ഫലമായാണ് തീരദേശ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ചെല്ലാനത്ത് മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോ ഫിഷ് വെന്‍ഡിംഗ് കിയോസ്ക് വിതരണവും എമര്‍ജന്‍സി ട്രീറ്റ്മെന്റ് ആന്‍ഡ് റെസ്ക്യൂ ബ്ലോക്ക് കെട്ടിടത്തിന്റെയും പബ്ലിക് ടോയ്ലറ്റ് ബ്ലോക്കിന്റെയും നിർമാണ ഉദ്ഘാടനവും നടന്നു.
ഒമ്പത് മത്സ്യഗ്രാമങ്ങളെയാണ് ആധുനിക മത്സ്യഗ്രാമങ്ങളായി പ്രഖ്യാപിക്കുന്നത്. ജില്ലയില്‍ ചെല്ലാനം, നായരമ്പലം, ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴ, തൃശൂര്‍ ജില്ലയില്‍ എടക്കഴിയൂര്‍, മലപ്പുറം ജില്ലയില്‍ പൊന്നാനി, കോഴിക്കോട് ജില്ലയില്‍ ചാലിയം, കണ്ണൂര്‍ ജില്ലയില്‍ ചാലില്‍ ഗോപാലപേട്ട, കാസര്‍ഗോഡ് ജില്ലയില്‍ ഷിരിയ എന്നീ ഒമ്പത് ഗ്രാമങ്ങളാണ് ആധുനിക മത്സ്യ ഗ്രാമങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.
കെ.ജെ. മാക്സി എംഎല്‍എ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്, വൈസ് പ്രസിഡന്റ് മേരി സിംല, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.