പുന്നേക്കാട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1571193
Sunday, June 29, 2025 4:02 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയിൽ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകൾ ഇന്നലെ രാവിലെ 6.30ഓടെയാണ് കാടുകയറിയത്.
പുത്തേത്ത് ഏലിയാസ്, കവുങ്ങുംപിള്ളി എൽദോസ്, കക്കാട്ടുകുടി മോളി തോമസ്, പ്ലാങ്കുടി സജി, പനിച്ചിക്കുടി ജോബി എന്നിവർ ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത വാഴകളും, തെങ്ങ്, കമുക് എന്നിവയുമാണ് നശിപ്പിച്ചത്. കാട്ടാനകൾ എത്തിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഒരു രാത്രി മുഴുവൻ ഉദ്യോഗസ്ഥരോ, ആർആർടിയോ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ദിവസവേതനക്കാരായ രണ്ട് ഫോറസ്റ്റ് വാച്ചർമാർ മാത്രമാണ് അവിടെ എത്തിയത്. ഇവരും പ്രദേശവാസികളും ചേർന്ന് രാത്രി മുഴുവൻ കാട്ടാനയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും രാവിലെയാണ് ആനക്കൂട്ടം കാട്ടിലേക്ക് പോയത്.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ്, നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കോറബേൽ എന്നിവർ ആവശ്യപ്പെട്ടു.