ദേശീയ പഞ്ചഗുസ്തിയിലെ പെൺപെരുമ
1571194
Sunday, June 29, 2025 4:02 AM IST
മൂവാറ്റുപുഴ: തൃശൂരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരം വീട്ടുകാര്യമെന്ന മട്ടിൽ ഒരു കുടുംബത്തിലെ നാലു വനിതകൾ പങ്കെടുക്കുന്നു. റീജ സുരേഷ് എന്ന മൂവാറ്റുപുഴക്കാരി അമ്മയും ആർദ്ര സുരേഷ്, അമയ സുരേഷ്, ആരാധ്യ സുരേഷ് എന്നീ മക്കളുമാണിവർ. പീപ്പിൾ ആം റസ്ലിംഗ് ഫെഡറേഷൻ ഇന്ത്യ കേരള, ആം റസ്ലിംഗ് അസോസിയേഷൻ എന്നിവർ സംയുക്തമായി തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് ദേശീയ പഞ്ചഗുസ്തി മത്സരം നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 2500ൽ അധികം കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ കേരള വനിതാ ടീംമിന്റെ വൈസ് ക്യാപ്റ്റനാണ് റീജ സുരേഷ്. മക്കളായ ആർദ്ര സുരേഷ് കോട്ടയം മെഡിക്കൽ കോളജ് ബിപിടി വിദ്യാർഥിനിയും, അമയ സുരേഷ് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയും, ആരാധ്യ സുരേഷ് മൂവാറ്റുപുഴ എസ്എൻഡിപി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്.
മുൻ വർഷങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങളാണ് ഇവർ. സബ് ജൂണിയർ, ജൂണിയർ, യൂത്ത് വിഭാഗങ്ങളിലാണ് പങ്കെടുക്കുന്നത്. ഇന്നലെ ആരംഭിച്ച മത്സരങ്ങൾ രണ്ടിന് സമാപിക്കും.