ആലുവ മാർക്കറ്റ് മേഖലയിൽ കടകളിലും പള്ളിയിലും മോഷണം
1571220
Sunday, June 29, 2025 4:28 AM IST
ആലുവ: ആലുവയിലെ സെന്റ് ഡൊമിനിക് ചർച്ച്, മാർക്കറ്റിലെ അഞ്ചോളം കടകൾ എന്നിവിടങ്ങളിൽ മോഷണം. പള്ളിയിൽ നിന്ന് 5,000 രൂപയും കടകളിൽ നിന്ന് ചില്ലറത്തുട്ടുകളും ഒരു മൊബൈലും തുടങ്ങിയ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. പള്ളിയിൽ കയറിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ആലുവ പോലീസിൽ വികാരി ഫാ. ജോസഫ് കരുമത്തി പരാതി നൽകി.
കഴിഞ്ഞ രാത്രി 12.45 നാണ് മോഷ്ടാവ് പള്ളിയുടെ അകത്ത് കയറിയത്. പള്ളിയുടെ ഒരു വശത്തെ വാതിലാണ് കുത്തിതുറന്നത്. അൾത്താരയ്ക്ക് പിന്നിലെ സങ്കീർത്തി മുറി കമ്പിപ്പാര കൊണ്ട് തല്ലിതകർത്തിട്ടുണ്ട്. പള്ളിക്ക് മുന്നിലെ കപ്പേളയിലെ പൂട്ട് തകർത്താണ് 5,000 രൂപയോളം പണം അപഹരിച്ചത്. തുണി മറച്ചെത്തിയ മോഷ്ടാവിന്റെ മുഖം ഒരു കാമറയിൽ മാത്രമാണ് വ്യക്തമായി പതിഞ്ഞത്.
പള്ളിയുടെ മുന്നിലുള്ള എംകെ ട്രേഡേഴ്സ് എന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനം, പൂക്കട, ചില്ലറ വിൽപന കടകൾ എന്നിവിടങ്ങളിലാണ് മോഷ്ടാവ് കയറിയത്. മേശയിലുണ്ടായിരുന്ന അൽപ്പം തുക, മൊബൈൽ എന്നിവയാണ് നഷ്ടമായതെന്ന് വ്യാപാരി സംഘടനാ നേതാക്കൾ പറഞ്ഞു.
ആലുവ സെന്റ് ഡൊമിനിക് പള്ളിയുടെ കീഴിലുള്ള കപ്പേളകളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്നാം വട്ടമാണ് മോഷണം നടക്കുന്നത്. നസ്രത്ത് സെന്റ് മാർട്ടിൻ കപ്പേള, ദേശം കുന്നുംപുറം സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിൽ പൂട്ട് തകർത്തതായി ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ഡൊമിനിക് കാവുങ്കൽ പറഞ്ഞു. പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.