കിഴക്കന്പലത്തെ മൃഗാശുപത്രി കെട്ടിടത്തിന്റെ ഭിത്തി അടർന്നുവീണ് ജീവനക്കാരിക്കു പരിക്ക്
1571224
Sunday, June 29, 2025 4:28 AM IST
കിഴക്കന്പലം: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് കോന്പൗണ്ടിനോട് ചേർന്ന് പ്രവർത്തിക്കുന്ന മൃഗാശുപത്രി ശോച്യാവസ്ഥയിൽ. ഇന്നലെ വൈകുന്നേരം ആശുപത്രിയിലെ ജീവനക്കാരി അറ്റൻഡർക്ക് ഭിത്തിയുടെ ഒരു ഭാഗം അടർന്നുവീണ് തലയ്ക്കും തോളിനും പരിക്കേറ്റു. സംഭവം ഡോക്ടർ പഞ്ചായത്തു സെക്രട്ടറിയെ അറിയിച്ചതിനെത്തുടർന്ന് സെക്രട്ടറി മൃഗാശുപത്രിയിൽ അന്വേഷണം നടത്തി മടങ്ങി.
ശക്തമായ മഴയിൽ മേൽക്കൂരയിൽ നിന്ന് വെള്ളം ഭിത്തിയിലൂടെ ചോർന്നൊലിച്ച് ഭിത്തിയുടെയും മുകൾ ഭാഗത്തെ വാർക്കയുടെയും ഭാഗങ്ങൾ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. കെട്ടിടം ഏതു സമയവും നിലംപൊത്താവുന്ന അസ്ഥയിലാണ്.
ശക്തമായ മഴയിൽ മഴവെള്ളം അകത്തു കയറുന്നതും പതിവാണ്. സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് വിലയുളള മരുന്നുകളെയും സുരക്ഷാ പ്രശ്നം ബാധിക്കുന്നുണ്ട്. ഭിത്തികളിലെ തേപ്പ് അടർന്നു വീഴുന്നതും പതിവായി. ആശുപത്രിയുടെ അപകടാവസ്ഥയും പുതിയ കെട്ടിടത്തിന്റെ ആവശ്യകതയും അടിയന്തിര നിർമിതിയും ആവശ്യമാണെന്ന് ത്യണമുൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽദോ എബ്രഹാം പത്രകുറിപ്പിൽ അറിയിച്ചു.
24 മണിക്കൂറും ഡോക്ടർ ഉൾപ്പടെ നാലു പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥ മൂലം ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
അത്യാവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കാനായി രാത്രിയും ഒരു ഡോക്ടറും ഒരു അറ്റൻഡറും ഇവിടെ ഉണ്ടാകാറുണ്ട്.