മരട്,നെട്ടൂർ മേഖലയിൽ കുടിവെള്ള ക്ഷാമം : വാട്ടർ അഥോറിറ്റി ചീഫ് എൻജിനീയറെ ഉപരോധിച്ചു
1571225
Sunday, June 29, 2025 4:28 AM IST
മരട്: മരട്, നെട്ടൂർ മേഖലയിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ വാട്ടർ അഥോറിറ്റി ചീഫ് എൻജിനീയറെ ഉപരോധിച്ചു.
നെട്ടൂർ, മരട് മേഖലയിലെ 15 ഓളം വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
ചില വാർഡുകളിൽ 15 ദിവസത്തോളം കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടായതിനെ തുടർന്ന് തൃപ്പൂണിത്തുറ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നഗരസഭ ചെയർമാന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
ഇതേ തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ചെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് ശനിയാഴ്ച ചീഫ് എൻജിനീയറെ ഉപരോധിച്ചത്. 19 ഓളം ലീക്കുകളാണ് മരട് നഗരസഭയിലുള്ളതെന്നും നിലവിൽ ലീക്ക് മാറ്റുന്നതിനായി നിയോഗിച്ചിട്ടുള്ള ആളുകളെ കൂടാതെ കൂടുതൽ പേരെ ഇതിനായി നിയോഗിക്കാമെന്നും ചീഫ് എൻജിനീയർ വി.കെ. പ്രദീപ് അറിയിച്ചു.
ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് എൻജിനീയർ നൽകിയതോടെയാണ് ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചത്.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബേബി പോൾ, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, ദിഷ പ്രതാപൻ, ജയ ജോസഫ്, മിനി ഷാജി, സി.വി. സന്തോഷ്, ശാലിനി അനിൽരാജ്, ഉഷ സഹദേവൻ, ഇ.പി. ബിന്ദു തുടങ്ങിവരും പങ്കെടുത്തു.