നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ഇന്ന്
1571228
Sunday, June 29, 2025 4:28 AM IST
പെരുമ്പാവൂര്‍: രണ്ടര പതിറ്റാണ്ട് കാത്തിരിപ്പിനൊടുവില്‍ കൂവപ്പടി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഐമുറി കൊട്ടമ്പിള്ളിക്കുടി അങ്കണവാടി മന്ദിരം ഉദ്ഘാടനം ഇന്നു രാവിലെ 10.30 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 23 ലക്ഷം രൂപ ചെലവഴിച്ചാണ് ശീതികരിച്ച അങ്കണവാടി മന്ദിരം നിര്‍മിച്ചത്. 25 വര്‍ഷം മുന്‍പ് ആരംഭിച്ച അങ്കണവാടിക്ക് സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാല്‍ വിവിധ വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
വര്‍ഷങ്ങളായി സ്വന്തമായി സ്ഥലം ലഭ്യമാക്കുന്നതിന് പല വിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിയതിനൊടുവില്‍ അഞ്ച് വര്‍ഷം മുന്‍പ് മനോജ് മൂത്തേടന് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നപ്പോഴാണ് കോന്നന്‍കുടി ഷൈജ ജോണിയുടെ കുടുംബവുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി അവര്‍ വിട്ടു നല്‍കിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി മുഖ്യാതിഥയായി പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ.പി. ചാര്‍ളി, ബ്ലോക്ക് പഞ്ചായത്തംഗം മോളി തോമസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വാര്‍ഡ് വികസന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.