ബിൽജിത്തിന് യാത്രാമൊഴി
1591499
Sunday, September 14, 2025 4:04 AM IST
നെടുമ്പാശേരി: തീരാനൊമ്പരത്തിലും അവയവദാനത്തിലൂടെ നാടിന്റെ അഭിമാനമായ ബിൽജിത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബിൽജിത്തിനെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങളാണ് മള്ളുശേരിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതോടെ ഹൃദയമടക്കം എട്ട് അവയവങ്ങൾ ദാനം ചെയ്ത ബില്‍ജിത്ത് പാറക്കടവ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബിജു-ലിന്റ ദമ്പതികളുടെ മൂത്ത മകനാണ്. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ഒന്നാം വര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ഥിയുമായിരുന്നു.
സെപ്റ്റംബർ രണ്ടിന് അങ്കമാലിയിൽ സുഹൃത്തിനെ കാണാനായി അത്താണിയിൽ നിന്ന് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ദേശീയപാത കരിയാട് കവലയിൽ രാത്രി 8.30ഓടെ ലോറി ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ഗുരുതരമായി പരുക്കേറ്റ ബില്‍ജിത്തിനെ അങ്കമാലി എൽഎഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതോടെ ബിൽജിത്തിന്റെ ഹൃദയവും, വൃക്കകൾ, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ്, രണ്ടു നേത്രപടലങ്ങള്‍ എന്നീ എട്ട് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്നാണ് വിദഗ്ദ ഡോക്ടർമാരുടെ സംഘം ശനിയാഴ്ച പുലർച്ചയോടെ അവയവങ്ങൾ നീക്കം ചെയ്യുകയും, മറ്റുള്ളവർക്ക് പകത്തു നൽകാൻ നടപടി സ്വീകരിക്കുകയും ചെയ്തത്.
ശനിയാഴ്ച വൈകിട്ട് 2.30ഓടെ എൽഎഫ് ആശുപത്രിയിൽ നിന്ന് മൃതദേഹം മള്ളുശേരിയിലെ വീട്ടിലെത്തിച്ചപ്പോൾ സഹപാഠികളും, അധ്യാപകരും, ബന്ധുക്കളും, നാട്ടുകാരും, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും, ജനപ്രതിനിധികളും അടക്കം നാടിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
മുക്കാൽ മണിക്കൂറോളം പൊതുദർശനത്തിനു വച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മള്ളുശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്.