റോഡ് തുറന്നുനല്‍കി : ട്രാഫിക് എസ്ഐക്കെതിരെ അച്ചടക്ക നടപടി
1591509
Sunday, September 14, 2025 4:14 AM IST
മൂവാറ്റുപുഴ: നഗരത്തിലെ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് തുറന്നു നല്കിയ സംഭവത്തില്‍ ട്രാഫിക് എസ്ഐക്കെതിരെ അച്ചടക്ക നടപടി. ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ് നാട മുറിച്ച് റോഡ് തുറന്നു കൊടുത്തത് ഉന്നത പോാലീസ് അധികാരികളെയും മറ്റും അറിയിക്കാതെയായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ഡിവൈഎസ്പി സിദ്ദിഖിനോട് വിശദീകരണം തേടി. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്കി.
എംഎല്‍എയുടെ രാഷ്ട്രീയ നാടകത്തിനു എസ്ഐ കൂട്ടു നിന്നുവെന്ന് സിപിഎമ്മും ആരോപണം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റൂറല്‍ ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ഡിവൈഎസ്പി പി.എം. ബൈജു എസ്ഐയോടു വിശദീകരണം ആവശ്യപ്പെട്ടത്.
ടാറിംഗ് പൂര്‍ത്തിയാക്കിയതോടെ കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന് വരെയുള്ള എംസി റോഡ് വെള്ളിയാഴ്ച തുറന്നു നല്‍കിയിരുന്നു. മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ പി.പി എല്‍ദോസ് എന്നിവരുടെ സാന്നിധ്യത്തില്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ് റോഡ് തുറന്നു നല്‍കിയത്.
നഗര വികസനം പൂര്‍ത്തിയാകും മുന്‍പ് റോഡ് നാടകീയമായി തുറന്നു നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണെന്നു ചൂണ്ടിക്കാട്ടി സിപിഎം രംഗത്തു വന്നിരുന്നു.