യുവതിയുടെ നഷ്ടപ്പെട്ട സ്വർണ പാദസരം കണ്ടെത്തി
1591506
Sunday, September 14, 2025 4:04 AM IST
നെടുമ്പാശേരി: യുവതിയുടെ നഷ്ടപ്പെട്ട പാദസരം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തി. എയർപോർട്ടിൽ ജോലി ചെയ്യുന്ന അക്ഷയയുടെ ഒരു പവന്റെ സ്വർണ പാദസരമാണ് നഷ്ടപ്പെട്ടത്.
പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് നെടുമ്പാശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ വഴിയിൽ നിന്ന് എന്തോ എടുത്തതായി കണ്ടെത്തി. തുടർന്ന് ഇയാളെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തു.
പാദസരം കിട്ടിയെന്നും മുക്കുപണ്ടമാണെന്നു കരുതി വാഹനത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. തുടർന്ന് യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പാദസരം കൈമാറുകയുമായിരുന്നു. ഇൻസ്പെക്ടർ എം.എച്ച് അനുരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.