സാംസ്കാരിക കലകളെ പരിചയപ്പെടുത്താൻ ഏകദിന സിന്പോസിയം
1591513
Sunday, September 14, 2025 4:14 AM IST
കോതമംഗലം : മാർ അത്തനേഷ്യസ് കോളജിലെ സോഷ്യോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൺമറഞ്ഞു പോകുന്ന സാംസ്കാരിക കലകളെ വീണ്ടെടുക്കുന്നതിനും അവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സൻസ്കാര എന്ന പേരിൽ ഏകദിന സിന്പോസിയം നടത്തി.
ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിന്റെ ഭാഗമായി നടന്ന പ്രോഗ്രാമിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ അജിത് മലേരി, സോപാന സംഗീതജ്ഞനും, എംഎ കോളജ് റിട്ട. അധ്യാപകനുമായ ഡോ. കെ. മോഹനൻ പിള്ള, പുള്ളുവൻ പാട്ട് ഗായികമാരായ ഉഷ രാമചന്ദ്രൻ, പ്രസന്ന എന്നിവർ ക്ലാസ് നയിച്ചു.
ഇന്ത്യയുടെ തനതു പാരമ്പര്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി പാരമ്പര്യ വാദ്യോപകരണങ്ങളും,സാങ്കേതികതയും, ആനുകാലിക പ്രശ്നങ്ങളും ചർച്ച ചെയ്തു.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭാരതത്തിന്റെ കലാ, സാംസ്കാരിക, വിജ്ഞാന വൈവിധ്യം വിശ്വമാകെ വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്തം പുതുതലമുറയിൽ നിക്ഷിപ്തമാണെന്ന് അഭിപ്രായമുയർന്നു. വകുപ്പ് മേധാവി ഷാരോൺ വി. ബാലകൃഷ്ണൻ, ടി.കെ. ഗ്രീഷ്മ, ജിൽജിത് രാജൻ എന്നിവർ നേതൃത്വം കൊടുത്തു.