ഗാർഹിക വാട്ടർ കണക്ഷന്റെ ദുരുപയോഗം ചോദ്യംചെയ്ത ആളെ മർദിച്ചതായി പരാതി
1591507
Sunday, September 14, 2025 4:14 AM IST
ഫോർട്ടുകൊച്ചി: ജല അഥോറിറ്റിയുടെ ഗാർഹിക കണക്ഷന് ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം. മുണ്ടംവേലി റസിഡന്റ്സ് അസോസിയേഷന് ജോ. സെക്രട്ടറി കെ.എ. ഡിക്സനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഡിക്സന് പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുണ്ടംവേലിയിലാണ് വാട്ടർ അഥോറിറ്റിയുടെ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് ഹോസ് ഉപയോഗിച്ച് പ്ളാസ്റ്റിക്ക് ജാറുകളില്‍ നിറച്ച് വില്പന നടത്താന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്.ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് ഇതര സംസ്ഥാനക്കാരനായ വീട്ടുടമയും മക്കളും ചേര്‍ന്ന് ഡിക്സനെ മര്‍ദിച്ചത്.കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന പ്രദേശത്ത് ഇത്തരത്തില്‍ ജലം ദുരുപയോഗം ചെയ്യുന്നതിനെതിരെ പല തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
തെളിവുസഹിതം പരാതി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിക്സന് വീഡിയോ ചിത്രീകരിച്ചത്.പരിസരവാസികള്‍ വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വെള്ളം നിറച്ച ജാറുകള്‍ അടങ്ങിയ വാന്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും അല്പ സമയത്തിനകം വിട്ടയച്ചത് സംശയത്തിനിടയാക്കി.
പിന്നീട് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചതോടെ വാന്‍ തിരിച്ച് വിളിച്ചെങ്കിലും ജാറുകള്‍ ഉണ്ടായില്ല. ഇത് സംബന്ധിച്ച് പരാതി ഇല്ലാത്തതിനാലാണ് വാന്‍ വിട്ടയച്ചതെന്ന് പോലീസ് വ്യക്തമാക്കി. വാട്ടർ അഥോറിറ്റിയുടെ വെള്ളം ദുരുപയോഗം ചെയ്തിനെതിരെ നടപടിയുണ്ടാകുമെന്ന് അസി. എന്‍ജിനീയര്‍ പറഞ്ഞു.