അദാനി: മൗനം പാലിച്ച് മോദി
Thursday, February 9, 2023 1:03 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാർലമെന്റിലും പുറത്തും വൻ കോളിളക്കം സൃഷ്ടിച്ച അദാനി- ഹിൻഡൻബർഗ് വിഷയം പരാമർശിക്കാതെ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
അദാനി കുംഭകോണ പ്രശ്നത്തിൽ പ്രധാനമന്ത്രി മൗനി ബാബ ആയി ഇരിക്കുന്നതെന്തെന്നു മോദിയെ മുന്നിലിരുത്തി ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ചോദിച്ചതിനു ശേഷമാണ് ലോക്സഭയിലെ നീണ്ട പ്രസംഗത്തിൽ അദാനി വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം.
2004 മുതലുള്ള പത്തുവർഷം നഷ്ടമായ ദശകമാണെന്നും എന്നാൽ ഇപ്പോഴത്തേത് ഇന്ത്യയുടെ ദശകമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. അഴിമതിയിൽ മുങ്ങിയ കുംഭകോണങ്ങളുടെ പത്തുവർഷമായിരുന്നു യുപിഎയുടേത്. ഇന്ത്യയുടെ അവസരങ്ങളെ ദുരന്തങ്ങളാക്കി. എന്നാലിന്നു ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണു നോക്കുന്നത്.
പല രാജ്യങ്ങളിലും കടുത്ത തൊഴിലില്ലായ്മയും വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും ഉള്ളപ്പോഴും ലോകത്തിലെ അഞ്ചാമത്തെ വലിയ സാന്പത്തിക ശക്തിയാണ് ഇന്ത്യ. അതിൽ അഭിമാനിക്കാം. എന്നാൽ നിരാശയിൽ മുങ്ങിത്താഴുന്ന ചിലർക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാകുന്നില്ല.
രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദി പ്രമേയ പ്രസംഗത്തിനിടെ പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനങ്ങളുയർത്താനും തന്റെ ഭരണനേട്ടങ്ങൾ എടുത്തുപറയാനും മോദി മറന്നില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ അതുമാത്രം ആരും പറഞ്ഞില്ല. ജാതിപ്പേരു വിളിച്ച് ചിലർ രാഷ്ട്രപതിയെ അപമാനിച്ചു. എങ്കിലുംഎല്ലാവരും രാഷ്ട്രപതിയുടെ പ്രസംഗം അംഗീകരിച്ചുവെന്നും മോദി അവകാശപ്പെട്ടു.
മോദിക്കെതിരേ ലോക്സഭയിൽ കടുത്ത വിമർശനം നടത്തിയ രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച മോദിയുടെ പ്രസംഗത്തെ ഭരണകക്ഷി അംഗങ്ങൾ മോദി, മോദി വിളികളോടെ പ്രോൽസാഹിപ്പിച്ചു. അതേ താളത്തിൽ അദാനി, അദാനി വിളികളോടെ പ്രതിപക്ഷവും തിരിച്ചടിച്ചു. പ്രതിപക്ഷ പ്രതിഷേധവും ബിആർഎസ് അടക്കമുള്ളവരുടെ തുടക്കത്തിലെ വാക്കൗട്ടും വകവയ്ക്കാതെയായിരുന്നു മോദിയുടെ മറുപടി.
ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ച് ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ത്രിവർണ പതാക ഉയർത്തിയതിനെ പരിഹസിക്കാനും പ്രധാനമന്ത്രി മോദി മറന്നില്ല. 1992 ജനുവരിയിൽ സുരക്ഷയില്ലാതെയും തീവ്രവാദ ഭീഷണി വകവയ്ക്കാതെയും താൻ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയെന്ന് മോദി പറഞ്ഞു.
കുറച്ചു പേരുടെ പ്രസംഗം കഴിഞ്ഞപ്പോൾ, യേ ഹുയി നാ ബാത്ത് (ഇപ്പോഴാണ് പറയേണ്ടതു പറഞ്ഞത്) എന്നു ചിലർ സന്തോഷത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷേ അവർ നന്നായി ഉറങ്ങുകയും ഉണർത്താൻ കഴിയാതിരിക്കുകയും ചെയ്തിരിക്കാം എന്ന് ദുഷ്യന്ത് കുമാർ, കാക്ക ഹത്രസി, ജിഗർ മൊറാദാബാദി തുടങ്ങിയ കവികളുടെ ഈരടികൾ ഉദ്ധരിച്ച് രാഹുലിനെ പരിഹസിക്കാനും മോദി മറന്നില്ല.
ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ഉയർച്ചയും തകർച്ചയും എന്നതിനെക്കുറിച്ചു ഹാർവാർഡിൽ പഠനം നടന്നു. ഭാവിയിൽ പല വലിയ സർവകലാശാലകളിലും കോണ്‍ഗ്രസിന്റെ തകർച്ചയെക്കുറിച്ചു പഠനം നടക്കും. തെരഞ്ഞെടുപ്പിൽ തോൽക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടിംഗ് യന്ത്രങ്ങളെയും കുറ്റപ്പെടുത്തുകയാണു പ്രതിപക്ഷം. കേസുകൾ തോൽക്കുന്പോൾ സുപ്രീംകോടതിയെയും കുറ്റപ്പെടുത്തും.
മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പത്ര തലക്കെട്ടുകളോ ടിവി ദൃശ്യങ്ങളോ അല്ല. വർഷങ്ങളുടെ എന്റെ അർപ്പണബോധമാണു കാരണം. ചിലർ കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്നു. നരേന്ദ്ര മോദി രാജ്യത്തെ 25 കോടി കുടുംബങ്ങളിലെ അംഗമാണ്. 140 കോടി ജനങ്ങളാണ് എന്റെ കവചം. ആർക്കും ഇതു തകർക്കാൻ കഴിയില്ല- മോദി പറഞ്ഞു.