അന്നയുടെ മരണാനന്തര ചടങ്ങുകളില്‍ കമ്പനിയിലെ ജീവനക്കാർ പങ്കെടുത്തില്ല എന്നതു വേദനിപ്പിക്കുന്നതാണ്. അന്ന നിങ്ങളുടെ കമ്പനിക്കു വേണ്ടിയാണ് അവസാന ശ്വാസം വരെ നല്‍കിയതെന്നും മകള്‍ക്കു നീതി വേണമെന്നും കമ്പനി മേധാവിക്ക് അയച്ച കത്തിലുണ്ട്.
അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം ന്യൂഡൽഹി: കമ്പനിയില്‍ ചേര്‍ന്ന് നാലു മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലിഭാരം കാരണം മരിച്ചുവെന്ന അമ്മയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍.
അന്നയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. ""അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
അരക്ഷിതവും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്''- കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്സില്‍ കുറിച്ചു.
ഉറങ്ങാന്‍പോലും സമയം കിട്ടിയിരുന്നില്ല! ""ഔട്ട്സൈഡ് ക്ലയന്റ്സിന്റെ ഓഡിറ്റാണ് മോളുടെ കമ്പനി ചെയ്യുന്നത്. അവള് മരിക്കുന്ന സമയത്ത് ബജാജ് ഓട്ടോ എന്ന കമ്പനിയുടെ ഓഡിറ്റിംഗായിരുന്നു ചെയ്തിരുന്നത്. അതിന്റെ റിസള്‍ട്ട് അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു.
കൃത്യസമയത്തിനുള്ളില്‍ ഈ വര്‍ക്ക് ചെയ്തു തീര്‍ക്കണമെന്നുണ്ട്. അതുകൊണ്ട് രാത്രി 12.30 വരെ മോള് അവിടെയിരുന്ന് ജോലി ചെയ്തു. താമസിക്കുന്ന പിജിയിലെത്തുമ്പോള്‍ 1.30 ആകും. അവിടെയെത്തിയാലും അവിടെ അഡീഷണല്‍ വര്‍ക്ക് കൊടുക്കും. അതുകൊണ്ട് അവള്‍ക്ക് ഉറക്കമില്ലായിരുന്നു. പിജിയില്‍ രാത്രി പത്തു കഴിഞ്ഞാല്‍ ഭക്ഷണം കിട്ടില്ല. ജോലിസമ്മര്‍ദവും ഉണ്ടായിരുന്നു. ജോലി രാജിവയ്ക്കാൻ പറഞ്ഞപ്പോള്‍ ഇവിടത്തെ ജോലി നല്ലൊരു എക്സ്പോഷര്‍ കിട്ടുന്നതാണെന്നു പറഞ്ഞാണ് അവള് അവിടത്തന്നെ നിന്നത്. അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ’’-അന്നയുടെ മാതാപിതാക്കളായ സിബി ജോസഫും അനിതയും പറഞ്ഞു.