60 രാജ്യങ്ങളിൽ കൊറോണ; മരണം 2800 കവിഞ്ഞു
Saturday, February 29, 2020 1:35 AM IST
ജനീവ: ചൈനയിൽ ഉദ്ഭവിച്ച കൊറോണ വൈറസ് അറുപതോളം രാജ്യങ്ങളിൽ എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ആഗോളതലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ വൈറസ് എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.
നൈജീരിയ, മെക്സിക്കോ, ബലാറൂസ്, ലിത്വാനിയ, ന്യൂസിലൻഡ്, നെതർലൻഡ്സ് എന്നിവയാണു പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. നേരത്തേയുള്ളതിനേക്കാൾ രൂക്ഷമാണു സ്ഥിതി. എന്നാൽ അന്തർദേശീയ സഹകരണത്തോടെ ഉചിതമായ നടപടി എടുത്താൽ രോഗബാധ നിയന്ത്രിക്കാമെന്നാണു കണക്കുകൂട്ടലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2,800 ആണ്. ഭൂരിഭാഗവും ചൈനയിൽ. രോഗബാധിതരുടെ എണ്ണം 83,000 ആയി.
ജപ്പാനിലെ ഹൊക്കെയ്ഡോ പ്രവിശ്യയിൽ ഗവർണർ നവോമിച്ചി സുസുകി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനിലെ മുഴുവൻ സ്കൂളുകളും ഒരു മാസത്തേക്ക് അടച്ചിടണമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആബെ നിർദേശിച്ചതിനു പുറമേയാണിത്. ജപ്പാനിൽ ഇതിനകം 900 പേർക്കാണു രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 11 പേർ മരിച്ചു.
രോഗബാധ നിയന്ത്രിക്കുന്നതിനായി ആയിരം പേരിൽക്കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകൾ സ്വിറ്റ്സർലൻഡ് വിലക്കി. ജനീവയിലെ ഓട്ടോഷോ റദ്ദാക്കി.
ഇതിനിടെ ജപ്പാൻ തുറമുഖത്തുള്ള കപ്പലിലെ ഒരു ബ്രിട്ടീഷുകാരൻ കൊറോണ ബാധമൂലം മരിച്ചു. തിങ്കളാഴ്ച കോബ്രാ കമ്മിറ്റി യോഗം ചേരുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺസൻ അറിയിച്ചു. യുകെയിൽ ഇതിനകം 19 കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
അബുദാബിയിൽ രണ്ടു ഹോട്ടലുകൾ അടച്ചു. ഇവിടെയുള്ള അതിഥികൾക്ക് സ്ക്രീനിംഗ് നടത്തിവരികയാണ്.
കൊറോണ ലോക സാന്പത്തിക മേഖലയിലും ആഘാതമുണ്ടാക്കി. തുടർച്ചയായി ഓഹരി വിപണികൾ താഴോട്ടാണ്. എണ്ണവിലയും ഇടിഞ്ഞു.
കൊറോണ വൈറസ് തിരിച്ചുവരുമെന്ന്
വാഷിംഗ്ടൺ ഡിസി: കൊറോണ വൈറസിനെ ഉടനെയൊന്നും പൂർണമായി നിർമാർജനം ചെയ്യാനാവില്ലെന്ന് വാണ്ടർബിൽറ്റ് യൂണിവേഴ്സിറ്റിയിലെ പകർച്ചരോഗ വിഭാഗം വിദഗ്ധൻ വില്യം ഷാഫ്നർ സിഎൻഎന്നിനോടു പറഞ്ഞു. തത്കാലം വൈറസിനെ നേരിടാനായാലും ശൈത്യകാലത്ത് ഫ്ലൂവും മറ്റു ശ്വാസകോശ രോഗങ്ങളും പോലെ കൊറോണയും വീണ്ടും പ്രത്യക്ഷപ്പെടാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കുത്തിവയ്പിലൂടെ മാത്രമേ രോഗത്തെ പൂർണമായി തുടച്ചുനീക്കാനാവൂ. വാക്സിൻ വികസന ശ്രമങ്ങൾ ഇതുവരെ പൂർണമായി വിജയിച്ചിട്ടില്ല.
കൊറോണ വൈറസിനെ ആവരണം ചെയ്ത് കൊഴുപ്പിന്റെ ഒരു പാടയുണ്ട്(ലിപിഡ് ലെയർ) ചൂടിനെ ചെറുത്തുനിൽക്കാൻ ഇതിനാവില്ല. ചൂടു കൂടുന്പോൾ വൈറസ് നശിക്കുമെന്നാണു കരുതുന്നതെന്ന് ജർമനിയിലെ ഹാനോവറിൽ നിന്നുള്ള വൈറോളജിസ്റ്റ് തോമസ് പിയറ്റ്സ് ഷമാൻ അഭിപ്രായപ്പെട്ടു. കൊറോണ വൈറസിനെ ഇതുവരെ പൂർണമായി മനസിലാക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.