നീസിലെ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
Friday, October 30, 2020 11:48 PM IST
പാരീസ്: നീസിലെ കത്തോലിക്കാ പള്ളിയിലെ ഇസ്ലാമിക ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാളെക്കൂടി ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേരെ പള്ളിക്കകത്തുവച്ചു നിഷ്ഠുരമായി കൊന്ന ടുണീഷ്യക്കാരനായ അഭയാർഥി ബ്രാഹിം (21) കൊലയ്ക്കുശേഷം ഉടൻതന്നെ പിടിയിലായിരുന്നു. കൊലപാതകിയുടെ ബാഗിൽനിന്ന് ഒരു പിസ്റ്റൾ, രണ്ടു കഠാരകൾ, രണ്ടു ഫോണുകൾ, ഖുറാൻ എന്നിവ കണ്ടെത്തി. അക്രമപ്രവർത്തനത്തിനും കഠാരപ്രയോഗത്തിനും ഇയാളെ 2016ൽ അറസ്റ്റ് ചെയ്തിരുന്നതായി ടുണീഷ്യൻ പോലീസ് അറിയിച്ചു. അപകടനില തരണം ചെയ്തിട്ടില്ലാത്ത പ്രതി ചികിത്സയിൽ കഴിയുകയാണ്.
അഭയാർഥികളുടെ ബോട്ടിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 20ന് ഇറ്റലിയിലെ ലാന്പെദൂസ ദ്വീപിലും ഒക്ടോബർ ഒൻപതിന് ബാറി നഗരത്തിലുമെത്തിയ കൊലപാതകി അടുത്ത ദിവസമാണ് ഫ്രാൻസിൽ എത്തിയത്. ഇയാളുടെ പേരിൽ ടുണീഷ്യയിലും അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ മൊഹ്സെൻ ദാലി അറിയിച്ചു.
കൊലപാതകത്തിന്റെ തലേന്ന് പ്രതിയുമായി ബന്ധപ്പെട്ട ഒരു നാല്പത്തിയേ ഴുകാരനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
ഭീകരാക്രമണത്തിനുശേഷം ഫ്രാൻസിൽ സുരക്ഷാ നടപടികൾ കർശനമാക്കി. ദേവാലയങ്ങൾക്കും സൈന്യമാണ് സുരക്ഷ നല്കുന്നത്. അങ്ങനെ നവംബർ ഒന്നാം തീയതിയിലെ സകല വിശുദ്ധരുടെയും തിരുനാൾ സമാധാനപൂർവം ആചരിക്കാനാകുമെന്ന് പ്രസിഡന്റ് മക്രോൺ പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത അധ്യയന വർഷം വിദ്യാലയങ്ങൾക്കും സംരക്ഷണം നല്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകി തലയറത്തു കൊന്നവരിൽ ഒരാൾ 70 വയസോളമുള്ള വയോധികയാണ്. കൊല്ലപ്പെട്ട ദേവാലയ ശുശ്രൂഷി വിൻസെന്റിന് മൂന്നു കുട്ടികളുണ്ട്. തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറിയ മൂന്നാമത്തെയാൾ, ബ്രസീൽ സ്വദേശിനിയായ സിമോണെ (44) രണ്ടു കുട്ടികളുടെ മാതാവാണ്. "എന്റെ കുഞ്ഞുങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നു പറയുക' എന്നാണ് അവർ മരിക്കുംമുൻപു പറഞ്ഞത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ഫ്രാൻസിലെ എല്ലാ ദേവാലയങ്ങളിലെയും മണികൾ ദുഃഖസൂചകമായി മുഴങ്ങി.