ചൈനീസ് റോക്കറ്റ് അവശിഷ്ടം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു
Monday, May 10, 2021 12:43 AM IST
ബെയ്ജിംഗ്: ഭൂമിക്കു മുകളിൽ ആശങ്കയായി തുടർന്ന ചൈനയുടെ ലോംഗ് മാർച്ച്-5ബി റോക്കറ്റിന്റെ അവശിഷ്ടം ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിനു സമീപം പതിച്ചു. ചൈന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആളപായമോ മറ്റ് അപകടങ്ങളോ ഇല്ലെന്നാണു റിപ്പോർട്ട്.
ഇന്നലെ ബെയ്ജിംഗ് സമയം രാവിലെ 10.24ന് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റ് ഘടകത്തിന്റെ ഒട്ടുമുക്കാലും ഘർഷണം മൂലം കത്തിനശിച്ചു. അവശേഷിക്കുന്നവയാണു മാലദ്വീപിനു പടിഞ്ഞാറു വീണത്. ദിവസങ്ങൾ നീണ്ട ഭീതിയും ആശങ്കയും ഇതോടെ ഒഴിഞ്ഞു.
റോക്കറ്റ് ഘടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചതായി അമേരിക്കയും ഇന്നലെ സ്ഥിരീകരിച്ചു. എന്നാൽ എവിടെയാണു വീണത്, കരയിലാണോ കടലിലാണോ എന്നുള്ള കാര്യങ്ങൾ വ്യക്തമാക്കിയില്ല. ചൈന ബഹിരാകാശത്തു സ്വന്തമായി നിർമിക്കുന്ന ടിയാൻഗോംഗ് എന്ന സ്റ്റേഷന്റെ പ്രധാന ഭാഗമായ ടിയാൻഹെ മൊഡ്യൂളുമായി ഏപ്രിൽ 29ന് വിക്ഷേപിച്ചതാണ് ഈ പടുകൂറ്റൻ റോക്കറ്റ്.
മൊഡ്യൂളിനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെങ്കിലും റോക്കറ്റിന്റെ കോർസ്റ്റേജ് എന്ന ഘടകം ഭൂമിയുടെ ഭ്രമണപഥത്തിൽ തിരികെ പ്രവേശിച്ചു ചുറ്റാൻ തുടങ്ങി. 33 മീറ്റർ നീളവും 20 ടണ്ണിലധികം ഭാരവുമുള്ള ഈ ഘടകം ജനവാസ മേഖലയിൽ പതിക്കുമോയെന്ന ആശങ്ക ശക്തമായിരുന്നു.
ഇത്തരം സാഹചര്യങ്ങളിൽ റോക്കറ്റ് അവശിഷ്ടം നിയന്ത്രണവിധേയമായി നശിപ്പിച്ചുകളയാനുള്ള സൗകര്യം ചൈന ഒരുക്കിയില്ലെന്ന ആരോപണം അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഉയർത്തിയിരുന്നു.
എന്നാൽ അവശിഷ്ടം ഭൗമാന്തരീക്ഷത്തിൽവച്ചു കത്തിത്തീരാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് ചൈന ആരോപണങ്ങൾ തള്ളിക്കളയുകയായിരുന്നു.ബഹിരാകാശ അവശിഷ്ടങ്ങളുടെ കാര്യത്തിൽ നിരുത്തരവാദ സമീപനമാണു ചൈന പുലർത്തുന്നതെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്നലെ പ്രതികരിച്ചു.
ചൈന ചൂതാട്ടമാണു നടത്തിയതെന്നും അതിൽ ജയിച്ചുവെന്നും, റോക്കറ്റ് അവശിഷ്ടത്തെ ആദ്യം കണ്ടെത്തിയ ഹാർവാഡ് യൂണിവേഴ്സിറ്റി ബഹിരാകാശ ഗവേഷകൻ ജോനാഥൻ മക്ഡവൽ ട്വീറ്റ് ചെയ്തു.