വിദേശികൾ പഠനശേഷം യുഎസിൽ തുടരുന്നതു തടയാനുള്ള ബിൽ അവതരിപ്പിച്ചു
Thursday, July 29, 2021 11:50 PM IST
വാഷിംഗ്ടൺ: വിദേശ വിദ്യാർഥികൾ പഠനശേഷം യുഎസിൽ തുടരുന്നത് തടയുന്നതിനുള്ള ബിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ളിക്കൻ അംഗങ്ങൾ വീണ്ടും അവതരിപ്പിച്ചു. യുഎസ് കോൺഗ്രസിൽ ബിൽ പാസായി നിയമമായാൽ ഇന്ത്യൻ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും.
ജനപ്രതിനിധിസഭാംഗങ്ങളായ പോൾ എ ഗോസർ, മൊ ബ്രൂക്ക്സ്, ആൻഡ് ബിംഗ്സ്, മാറ്റ് ഗയ്റ്റ്സ് എന്നിവരാണു ബിൽ അവതരിപ്പിച്ചത്. കുടിയേറ്റത്തൊഴിലാളികൾക്കു ജോലി ഉറപ്പു നൽകുന്ന ഓപ്ഷണൽ പ്രാക്ടീസിംഗ് ട്രെയിനിംഗ് (ഒപിടി) പദ്ധതി ഭേദഗതി ചെയ്യണമെന്നാണു കോൺഗ്രസിൽ അംഗങ്ങൾ ആവശ്യപ്പെട്ടത്.
തദ്ദേശ തൊഴിലാളികൾക്കു പകരം കുറഞ്ഞ വേതനത്തിൽ കുടിയേറ്റത്തൊഴിലാളികൾക്കു ജോലി നൽകാൻ വ്യവസ്ഥ നൽകുന്നതാണ് ഒപിടി പദ്ധതി. ഒപിടി തദ്ദേശ തൊഴിലാളി വിരുദ്ധമാണെന്നു ഗോസർ പുതിയ അമേരിക്കൻ തദ്ദേശ നൈപുണ്യ തൊഴിലാളി ക്ഷേമ ബിൽ അവതരിപ്പിക്കവേ പറഞ്ഞു. ഒപിടി പദ്ധതിയിൽ 80,000 ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്. ഒപിടിക്കെതിരേയുള്ള ബിൽ ഡെമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിലും സെനറ്റിലും പാസാകാൻ സാധ്യതയില്ല.
ഒപിടി പദ്ധതി പ്രകാരം ബിരുദത്തിനുശേഷം ഒരുലക്ഷത്തോളം വിദേശ വിദ്യാർഥികൾക്കു മൂന്നു വർഷം യുഎസിൽ ജോലി ചെയ്യുന്നതിനുള്ള എച്ച്-1 ബി വീസ ലഭിച്ചെന്നും ബിൽ അവതരിപ്പിക്കവേ ഗോസർ പറഞ്ഞു.