യുക്രെയ്നിൽ റഷ്യൻ മുന്നേറ്റം
Saturday, March 4, 2023 12:02 AM IST
കീവ്: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പട്ടാളം സാവധാനത്തിൽ മുന്നേറുന്നതായി റിപ്പോർട്ട്. വടക്കുകിഴക്ക് കുപിയാൻസ് പട്ടണത്തിലും കിഴക്ക് ബാക്മുത് പട്ടണത്തിലും റഷ്യ ആക്രമണം കടുപ്പിച്ചു. കുപിയാൻസ്കിലുള്ള ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് യുക്രെയ്ൻ അധികൃതർ നിർദേശിച്ചു.
പ്രധാന റെയിൽവേ ജംഗ്ഷൻ ഉൾപ്പെടുന്ന കുപിയാൻസ് പട്ടണം, കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ റഷ്യൻ പട്ടാളം പിടിച്ചെടുത്തിരുന്നു. എന്നാൽ, സെപ്റ്റംബറിൽ യുക്രെയ്ൻ സേന ഖാർകീവ് മേഖലയിൽ നടത്തിയ മിന്നൽ പ്രത്യാക്രമണത്തിൽ റഷ്യൻ പട്ടാളത്തിനു കുപിയാൻസ് അടക്കം പല സ്ഥലങ്ങളിൽനിന്നു പിന്തിരിഞ്ഞോടേണ്ടിവന്നു.
പട്ടണത്തിലും അതിനോടു ചേർന്ന പ്രദേശങ്ങളിലും റഷ്യൻ ഷെല്ലിംഗ് ശക്തമായ സാഹചര്യത്തിലാണ് ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുന്നതെന്ന് യുക്രെയ്ൻ സേനാ വൃത്തങ്ങൾ പറഞ്ഞു.
മാസങ്ങളായി രൂക്ഷപോരാട്ടം നടക്കുന്ന ബാക്മുത് പട്ടണം വൈകാതെ റഷ്യയുടെ നിയന്ത്രണത്തിലാകുമെന്നും സൂചനയുണ്ട്. റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പാണ് ഇവിടെ ആക്രമണത്തിനു നേതൃത്വം നല്കുന്നത്. പട്ടണം പൂർണമായി വളഞ്ഞുവെന്ന് വാഗ്നർ ഗ്രൂപ്പ് നേതാവ് യെവ്ജനി പ്രിഗോഷിൻ അറിയിച്ചു.
ബാക്മുത്തിലെ സ്ഥിതിഗതികൾ വഷളാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നേരത്തേ സമ്മതിച്ചിരുന്നു.