എഫ്എംസിജി കന്പനികളുടെ വില്പന വളർച്ച ഇടിഞ്ഞു
Friday, October 18, 2019 11:48 PM IST
മുംബൈ: വരുമാനം കുറഞ്ഞു; സോപ്പും പൗഡറും ഷാന്പൂവും വാങ്ങുന്നതു കുറച്ചു.
രാജ്യത്തെ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്) വിപണിയുടെ വളർച്ച കുത്തനേ ഇടിഞ്ഞതായി വിപണിനിരീക്ഷണ സ്ഥാപനമായ നീൽസൻ കണ്ടെത്തി. (സോപ്പ്, ഷാന്പൂ, അലക്കുപൊടി, പൗഡർ തുടങ്ങിയ ഉത്പന്നങ്ങളാണ് എഫ്എംസിജി വിഭാഗത്തിൽ വരുന്നത്). 2018 ജൂലൈ-സെപ്റ്റംബറിൽ ഇവയുടെ വില്പന 16.2 ശതമാനം വളർന്ന സ്ഥാനത്ത് ഈ വർഷം 7.3 ശതമാനം മാത്രം.
ഗ്രാമങ്ങളിലാണു തളർച്ച കൂടുതൽ. 2018-ൽ 20 ശതമാനം വളർന്ന ഗ്രാമീണ വില്പന ഇത്തവണ അഞ്ചുശതമാനം മാത്രമേ വളർന്നുള്ളൂ. നഗരങ്ങളിലും വളർച്ച കുറഞ്ഞു. 14 ശതമാനത്തിൽനിന്ന് എട്ടുശതമാനത്തിലേക്ക്.
എഫ്എംസിജി മേഖലയിലെ ഏറ്റവും വലിയ കന്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറും ഇതു ശരിവയ്ക്കുന്നു. വ്യാപാരികൾ ഉത്പന്നം സ്റ്റോക്ക് ചെയ്യാൻ മടിക്കുകയാണ്. ഏഴുവർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട വില്പനവളർച്ചയാണു കഴിഞ്ഞമാസങ്ങളിൽ ഉണ്ടായത്. മൊത്തവ്യാപാരികളും ചില്ലറ വ്യാപാരികളുമൊക്കെ പണഞെരുക്കത്തിലാണെന്നു ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീനിവാസ് ഫടക് പറഞ്ഞു.
സാധാരണ വിലക്കയറ്റത്തിന്റെ എതിർദിശയിലാണ് എഫ്എംസിജി വില്പനയുടെ ഗതി. വിലക്കയറ്റം കൂടുന്പോൾ വില്പന കുറയും; വിലക്കയറ്റം കുറയുന്പോൾ വില്പന കൂടും. ഇപ്പോൾ വിലക്കയറ്റം നാലുശതമാനത്തിനു താഴെയാണ്. എന്നിട്ടും വില്പന മെച്ചപ്പെടുന്നില്ല.
രാജ്യത്തെ സാന്പത്തിക മുരടിപ്പിന്റെ ഇരയാണ് എഫ്എംസിജി കന്പനികളും. വരുമാനം കുറയുന്പോഴും എഫ്എംസിജി ഉത്പന്നങ്ങളുടെ ഉപയോഗം പെട്ടെന്നു കുറയ്ക്കാറില്ല. പക്ഷേ, ഇപ്പോൾ അവയുടെ കാര്യത്തിലും തളർച്ച ദൃശ്യമായി. വലിയ കന്പനികളുടെ വില്പന വർധന പകുതിയായപ്പോൾ ചെറിയ കന്പനികൾക്കു വില്പന വർധിപ്പിക്കാനേ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ കന്പനികൾക്കു ഗ്രാമീണമേഖലയിലാണു കൂടുതൽ വില്പന. ആ മേഖലയിൽ മുരടിപ്പ് കൂടുതലായതാണ് ചെറു കന്പനികളെ ബുദ്ധിമുട്ടിലാക്കിയത്.