ടിക്ടോക്ക്: ചർച്ച നടക്കുന്നതായി മൈക്രോസോഫ്റ്റ്
Tuesday, August 4, 2020 12:17 AM IST
ന്യൂയോർക്ക്: ചൈനീസ് വീഡിയോ ഷെയറിംഗ് ആപ് ടിക്ടോക്ക് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി മൈക്രോസോഫ്റ്റ്. ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ലയും ചർച്ച നടത്തി.
ദേശീയസുരക്ഷയെ ബാധിക്കുന്നതിനാൽ ടിക്ടോക്ക് നിരോധിക്കാൻ എക്സിക്യൂട്ടീവ് അധികാരം പ്രയോഗിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിനു ശേഷമാണ് മൈക്രോസോഫ്റ്റ് പ്രസ്താവന ഇറക്കിയത്. പ്രസിഡന്റിന്റെ ആശങ്കയ്ക്കു മൈക്രോസോഫ്റ്റ് വില കൽപ്പിക്കുന്നു.
പൂർണമായ സുരക്ഷാപരിശോധന നടത്തിയശേഷമേ ടിക്ടോക്ക് വിഷയം പരിഗണിക്കൂ; യുഎസിനും യുഎസ് ട്രഷറിക്കും സാന്പത്തിക നേട്ടങ്ങളുണ്ടാകും- പ്രസ്താവനയിൽ മൈക്രോസോഫ്റ്റ് പറഞ്ഞു. ടിക്ക്ടോക്കിന്റെ മാതൃകന്പനിയായ ബൈറ്റ്ഡാൻസുമായി മൈക്രോസോഫ്റ്റ് ചർച്ച നടത്തുന്നുണ്ട്. സെപ്റ്റംബർ 15 ഓടെ ഇതു പൂർത്തിയാകും.
യുഎസ് ഭരണകൂടവുമായും പ്രസിഡന്റുമായും കൂടുതൽ ചർച്ചകൾ നടത്തുമെന്നും കന്പനി അറിയിച്ചു. ദേശീയ സുരക്ഷാഭീഷണി ഉയർത്തിക്കാട്ടി ഇന്ത്യ ടിക്ടോക്ക് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.