പൊന്നുംവില ! പവന് 76,960 രൂപ
Sunday, August 31, 2025 2:10 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും വര്‍ധിച്ചതോടെയാണു സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍ എത്തിയത്. ഇതോടെ ഗ്രാമിന് 9,620 രൂപയും പവന് 76,960 രൂപയുമായി.
ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണമായി വാങ്ങണമെങ്കില്‍ നിലവില്‍ 83,500 രൂപ നല്‍കേണ്ടിവരും.
കേരളത്തില്‍ വിവാഹ സീസണ് ആരംഭിച്ചതോടെ സ്വര്‍ണവിലയിലെ വര്‍ധന സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുവ മാത്രമല്ല വില ഉയരാനിടയാക്കിയത്.
ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍ നിക്ഷേപം നടത്തിയവര്‍ ലാഭമെടുക്കാതെ മുന്നോട്ടു നീങ്ങുന്നതാണ് നിലവില്‍ വിലവര്‍ധനയുടെ പ്രധാന കാരണം.
ഓണം സീസണിൽ റിക്കാര്‍ഡ് വിലയാണെങ്കില്‍ ദീപാവലിയോടെ ഗ്രാമിന് 10,000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.