ജിഎസ്ടി ഇളവുകൾ സാധാരണക്കാരിലെത്തി: കേന്ദ്രം
Saturday, October 18, 2025 11:52 PM IST
ന്യൂഡൽഹി: സർക്കാർ ജിഎസ്ടി നിരക്കുകളിൽ വരുത്തിയ ഇളവുകൾ സാധാരണക്കാരിലേക്ക് എത്തിയെന്നു കേന്ദ്രത്തിന്റെ റിപ്പോർട്ട് കാർഡ്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ജിഎസ്ടി ഇളവുകൾ മൂലം പൗരന്മാർക്കുണ്ടായ നേട്ടങ്ങൾ വിശദീകരിച്ചത്. കന്പോളങ്ങളിലുണ്ടായ വിലക്കുറവ് വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വൻ വില്പനയ്ക്കു കാരണമായെന്ന് മന്ത്രിമാർ പറഞ്ഞു.
ജിഎസ്ടി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതിനുപിന്നാലെ നവരാത്രിയുടെ ആദ്യ എട്ടു ദിവസങ്ങളിൽ മാരുതി സുസുകി 1.65 ലക്ഷം കാറുകൾ വിറ്റെന്നും മഹീന്ദ്രയുടെ വില്പന ഏഴു ശതമാനം വർധിച്ചെന്നും ടാറ്റ മോട്ടോഴ്സ് അര ലക്ഷം കാറെങ്കിലും വിറ്റെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
വിലക്കയറ്റത്തിനു പകരം ഭക്ഷണസാധനങ്ങളുടെ വില കുറയുന്ന അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നതെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്സിലാകട്ടെ, കഴിഞ്ഞവർഷത്തെ നവരാത്രിയെ അപേക്ഷിച്ച് 20 മുതൽ 25 ശതമാനം വരെ വില്പനവർധനയുണ്ടായെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
ജിഎസ്ടി ഇളവുകൾ മൂലം 20 ലക്ഷം കോടി രൂപയുടെ അധിക ഇലക്ട്രോണിക്സ് ഉപഭോഗവും ഈ വർഷം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഇലക്ട്രോണിക്സ് മന്ത്രി പറഞ്ഞു.
നിരക്ക് ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടും നിരക്ക് കുറയ്ക്കാത്തതിന്റെ പേരിൽ വ്യാപാരികൾക്കെതിരേ ഇതുവരെ 3,169 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നിരക്കിളവ് പാലിക്കാത്ത വ്യാപാരികൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.