ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി
Monday, May 27, 2019 12:12 AM IST
അമേഠി: കൊല്ലപ്പെട്ട സഹായിയുടെ ശവമഞ്ചം തോളിലേറ്റി ബിജെപി എംപി സ്മൃതി ഇറാനി. ഞായറാഴ്ച വൈകിട്ട് സംസ്കരിക്കാനായി കൊണ്ടുപോകവെയാണ് സുരേന്ദ്ര സിംഗിന്റെ ശവമഞ്ചം തോളിലേറ്റാൻ സ്മൃതിയും കൂടിയത്. ഡൽഹിയിലായിരുന്ന സ്മൃതി ഞായറാഴ്ച ഉച്ചയോടെയാണ് അമേഠിയിൽ എത്തിയത്.
ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് ബിജെപി പ്രവർത്തകനും മുൻ ഗ്രാമത്തലവനുമായ സുരേന്ദ്ര സിംഗിനു വെടിയേൽക്കുന്നത്. ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്മൃതി ഇറാനിക്കു വേണ്ടി പ്രവർത്തിക്കുന്നതിനായാണ് സുരേന്ദ്ര സിംഗ് ഗ്രാമത്തലവന്റെ പദവി ഒഴിഞ്ഞത്.
ബറൗലയിലെ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങവേയാണ് സുരേന്ദ്ര സിംഗിന് വെടിയേറ്റത്. രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതക കാരണമെന്നാണു പോലീസിന്റെ നിഗമനം. സുരേന്ദ്ര സിംഗ് ഗ്രാമത്തലവനായിരുന്ന സമയത്തുണ്ടായിരുന്ന പ്രശ്നങ്ങളോ മുൻ വൈരാഗ്യമോ ആണോ കൊലയ്ക്കു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.