അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവം: മുൻ ഡിഐജിയുൾപ്പെടെ അഞ്ചു പേർക്ക് എട്ടു വർഷം തടവ്
Thursday, February 20, 2020 12:22 AM IST
അമൃത്സർ: 2004ൽ പഞ്ചാബിലെ അമൃത്സറിൽ രണ്ടു കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ഡിഐജി കുൽതാർ സിംഗ് ഉൾപ്പെടെ അഞ്ചു പേർക്ക് അഡീഷണൽ സെഷൻസ് കോടതി എട്ടു വർഷം തടവു ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 20,000 വരെ പിഴയും വിധിച്ചു. ആത്മഹത്യാപ്രേരണക്കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയത്.
ഡിഎസ്പി ഹർദേവ് സിംഗ്, പർമീന്ദർ കൗർ, പൽവീന്ദർ സിംഗ്, മൊഹീന്ദർ സിംഗ്, സബ്രീൻ കൗർ എന്നിവരാണു മറ്റു പ്രതികൾ. ഹർദേവ് സിംഗ് നാലു വർഷം തടവുശിക്ഷ അനുഭവിക്കണം. കുടുംബം ആത്മഹത്യ ചെയ്ത കാലയളവിൽ കുൽതാർ സിംഗ് സീനിയർ പോലീസ് സൂപ്രണ്ടും ഹർവീന്ദർ സിംഗ് എസ്ഐയുമായിരുന്നു. 2004 ഒക്ടോബർ 31നാണ് ഹർദീപ് സിംഗ്, ഭാര്യ, അമ്മ, ഹർദീപിന്റെ രണ്ടു മക്കൾ എന്നിവരെ വീടിനുള്ളിൽ വിഷം കഴിച്ചു മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിലെ ഭിത്തിയിൽ പതിച്ച ആത്മഹത്യാക്കുറിപ്പാണ് ഇവരെ കുടുക്കിയത്. കൂടാതെ ആത്മഹത്യാക്കുറിപ്പ് സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുത്തിരുന്നു. ഇതിൽ കുൽതാർ സിംഗിന്റെ പേരാണ് പ്രധാനമായും പരാമർശിച്ചിരുന്നത്.
പ്രതികളെ പിടികൂടുന്നതിലെ പോലീസ് അനാസ്ഥയ്ക്കെതിരേ പ്രതിഷേധം കടുത്തപ്പോഴാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമൂഹികപ്രവർത്തനായ സരബ്ജിത് സിംഗാണ് വിഷയം കോടതിയിലെത്തിച്ചത്. 2011 സെപ്റ്റംബറിൽ കോടതി ഇവർക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.