നിസാമുദീൻ സമ്മേളനം: കർണാടക സ്വദേശി മരിച്ചു
Wednesday, April 1, 2020 12:11 AM IST
ബംഗളൂരു: ഡൽഹിയിലെ നിസാമുദീൻ ജമാഅത്ത് മോസ്കിൽ കഴിഞ്ഞ പത്തിനു നടന്ന മതസമ്മേളനത്തിൽ കർണാടകയിൽനിന്നുള്ള 45 തീർഥാടകർ പങ്കെടുത്തതായും ഇവരിൽ ഒരാൾ കോവിഡ് ബാധമൂലം മരിച്ചതായും ആരോഗ്യമന്ത്രി ബി. ശ്രീരാമലു അറിയിച്ചു. തുമക്കുരു ജില്ലയിലെ സിറ സ്വദേശിയാണ് മരിച്ചയാൾ. ഇതോടെ കോവിഡ് ബാധിച്ച് കർണാടകയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചയാളുടെ മകനും കോവിഡ് ബാധിച്ചു. ഇന്നലെ അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കർണാടകയിലെ രോഗബാധിതരുടെ എണ്ണം 98 ആയി.
അതേസമയം, മരിച്ചയാൾ കഴിഞ്ഞ 14നാണ് ഡൽഹിയിൽനിന്ന് ബംഗളൂരു യശ്വന്ത്പുരിൽ ട്രെയിനിൽ എത്തിയത്. ഇവിടെനിന്ന് കെഎസ്ആർടിസി ബസിലാണ് നാട്ടിലേക്കു പോയത്. ഒപ്പം യാത്രചെയ്തവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും സമ്മേളനത്തിൽ പങ്കെടുത്ത 45 പേരിൽ 13 പേരെ തിരിച്ചറിഞ്ഞതായും ഇവർ ക്വാറന്റൈനിലാണെന്നും മന്ത്രി അറിയിച്ചു.