നടി കെ.വി. ശാന്തി അന്തരിച്ചു
Tuesday, September 22, 2020 12:34 AM IST
ചെന്നൈ: മുൻകാല സിനിമാ നടി കെ.വി. ശാന്തി(81)) അന്തരിച്ചു. ഇന്നലെ പുലർച്ചെ തമിഴ്നാട് കോടന്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു കിടപ്പിലായിരുന്നു. സംസ്കാരം നടത്തി.
ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടന്പാക്കത്തായിരുന്നു താമസം.
സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള തുടങ്ങിയവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു. 1953ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യ ചിത്രം. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടർ, അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
1975ൽ പുറത്തിറങ്ങിയ അക്കൽദാമ, കാമം ക്രോധം എന്നിവയാണ് അവസാനസിനിമകൾ. എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമയിലെത്തിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. തിരുവനന്തപുരം സ്വദേശിപരേതനായ ജി. ശശിധരനാണു ഭർത്താവ്. മകൻ ശ്യാം. മരുമകൾ ഷീല.